
തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. 25 ദീപനാളങ്ങള്‍ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലേക്ക് എത്തുക.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. അതേസമയം, വിഖ്യാത ചലച്ചിത്രകാരന് ഷീന്‍ ലുക് ഗോദാര്‍ദിന് വേണ്ടി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് ഏറ്റുവാങ്ങും. തുടര്‍ന്ന് 'ക്വോ വാഡിസ് ഐഡ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ആദ്യദിനത്തില്‍ നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകളാണ് ഉണ്ടാവുക. ഇറാനിയന്‍ സംവിധായകന് ബെഹ്മന്‍ തവോസിയുടെ നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കും. റിസര്‍വേഷന്‍ ശേഷം സീറ്റ് നമ്പര്‍ എസ്എംഎസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും.
ഈ മാസം 17 മുതല്‍ 21 വരെ കൊച്ചിയിലും 23 മുതല്‍ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് നടക്കും. അതേസമയം, മേള ആരംഭിക്കാനിരിക്കെ രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ടാഗോര്‍ തിയറ്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇന്നും ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും. ഇതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകള്‍ സ്വന്തം നിലയില്‍ കോവിഡ് പരിശോധന നടത്തേണ്ടി വരും.