മഹാത്മാവിന് 151ാം ജന്മവാർഷികം
പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം പ്രമുഖര്‍ മഹാത്മാവിന് ആദരമര്‍പ്പിച്ചു.
മഹാത്മാവിന് 151ാം ജന്മവാർഷികം

ന്യൂ ഡല്‍ഹി: അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും പ്രതീകമായ മഹാത്മാവിന് ഇന്ന് 151ാം പിറന്നാള്‍. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന രാഷ്ട്ര പിതാവ് 1869 ഒക്ടോബർ 2 നാണ് ജനിച്ചത്.

മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും അവ ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി.

സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.

നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു ഗാന്ധിജിയുടെ ജീവിതം. മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു മഹാത്മാവിന് കൂറ്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖര്‍ മഹാത്മാവിന് ആദരമര്‍പ്പിച്ചുകൊണ്ട് സന്ദേശങ്ങള്‍ പങ്കുവച്ചു.

ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മൂല്യച്യതി സംഭവിക്കുന്ന ഈ കെട്ട കാലത്ത് എന്തായിരുന്നു ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം എന്നത് ഈ ഗാന്ധി ജയന്തി ഓര്‍മ്മപ്പെടുത്തട്ടേ.

Related Stories

Anweshanam
www.anweshanam.com