നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; 22ന് നിയമസഭ പിരിയും

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷം സഭ പരിഗണിക്കും
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; 22ന് നിയമസഭ പിരിയും

തിരുവനന്തപുരം: 14ാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിർദേശം കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ചു. നിർദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു. ഈ മാസം 22ന് നിയമസഭ പിരിയും.

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷം സഭ പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചർച്ച ചെയ്യുക. പ്രമേയം ചർച്ച ചെയ്യുമ്പോൾ സ്പീക്കർ ഡയസിൽ നിന്ന് താഴെയിറങ്ങി മറ്റ് സഭാംഗങ്ങളോടൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക.

പ്രമേയത്തിൻമേൽ ചർച്ച പൂർത്തിയാക്കിയ ശേഷം വ്യക്തിപരമായ വിശദീകരണം നൽകാൻ സ്പീക്കർക്ക് സമയം നൽകും. അതിന് ശേഷം വോട്ടെടുപ്പ് നടക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി കാണിച്ചെന്നും ആണ് പ്രതിപക്ഷ ആരോപണം.

കേരള നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയം ചർച്ച ചെയ്യുന്നത്. 1982ൽ എ.സി. ജോസിനെ നീക്കം ചെയ്യണമെന്ന പ്രമേയം ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ചിരുന്നു. പിന്നീട് 2004ൽ വക്കം പുരുഷോത്തമനെതിരെയായിരുന്നു പ്രമേയം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com