സിഡ്ബിയും ട്രാന്‍സ്‌യൂണിയന്‍ സിബിലും ചേര്‍ന്ന് എംഎസ്എംഇ സാക്ഷം അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിനു പിന്തുണ നല്‍കാനും സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തമാക്കാനുമായി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ട്രാന്‍സ്‌യൂണിയന്‍ സിബിലുമായി ചേര്‍ന്ന് എംഎസ്എംഇ സാക്ഷത്തിനു തുടക്കം കുറിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസ അറിവുകള്‍, ധനസഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പിന്തുണ തുടങ്ങിയവ നല്‍കുന്ന ഏകജാലക സംവിധാനമായാവും എംഎസ്എംഇ സാക്ഷം പ്രവര്‍ത്തിക്കുക.

ബിസിനസ് ആരംഭിക്കാനായി വായ്പ എടുക്കുന്നതു മുതല്‍ സ്ഥായിയായി ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നത് അടക്കമുള്ള എല്ലാ ഘട്ടങ്ങളിലും ഇതിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ സിഡ്ബിയുടെ വിപുലമായ ശൃംഖലയും ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ കാഴ്ചപ്പാടുകളും പ്രയോജനപ്പെടുത്തിയാവും പുതിയ സംവിധാനം മുന്നോട്ടു പോകുക.

നിലവിലെ പ്രതിസന്ധികളില്‍ നിന്ന് ചെറുകിട സംരംഭ മേഖല ഉയര്‍ന്നു വരുമ്പോള്‍ എംഎസ്എംഇ സാക്ഷം വലിയ പിന്തുണയാകുമെന്ന് സിഡ്ബി ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. രാജ്യ വ്യാപകമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കാനും ഈ ഡിജിറ്റല്‍ സംവിധാനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന വിധത്തിലാണ് എംഎസ്എംഇ സാക്ഷം പ്രവര്‍ത്തിക്കുകയെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. വായ്പാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ തങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സഹായം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com