സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്റിനെ കോവിഡ് ബാധിച്ചപ്പോഴും ഇടിഎഫിലേക്ക് റെക്കോര്‍ഡ് നിക്ഷേപം

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 -ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണത്തിന്റെ ആകെ ഡിമാന്റ് 2019-നെ അപേക്ഷിച്ച് ആറു ശതമാനം ഇടിഞ്ഞ് 2,076 ടണ്ണിലെത്തിയതായി ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. സ്വര്‍ണത്തിനായുള്ള ആകെ ഡിമാന്റ് ഇടിഞ്ഞെങ്കിലും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് 734 ടണ്‍ എന്ന റെക്കോര്‍ഡ് നിക്ഷേപമാണുണ്ടായത്. മഹാമാരിയോടുള്ള ആഗോള പ്രതികരണമായി കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും നിരക്കു കുറക്കലുകളും വിപുലമായ പണലഭ്യതാ നടപടികളും കൈക്കൊണ്ടതാണ് ഇങ്ങനെ റെക്കോര്‍ഡ് നിക്ഷേപത്തിനു വഴിയൊരുക്കിയത്.ഇതിനു വിപരീതമായി രണ്ടാം ത്രൈമാസത്തില്‍ ബാറുകളിലും നാണയങ്ങളിലുമുള്ള നിക്ഷേപം 17 ശതമാനം ഇടിഞ്ഞ് 397 ടണ്ണിലെത്തി.ആഗോള വിപണികളിലെ ലോക്ഡൗണും ഉപഭോക്താക്കളുടെ കയ്യിലെ പണമില്ലായ്മയും മൂലം വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ആഭരണങ്ങളുടെ ഡിമാന്റ് 46 ശതമാനം ഇടിഞ്ഞ് 572 ടണ്ണിലും സാങ്കേതികവിദ്യാ രംഗത്തെ ഉപയോഗം 13 ശതമാനം ഇടിഞ്ഞ് 140 ടണ്ണിലും എത്തി. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം രണ്ടാം ത്രൈമാസത്തില്‍ ശക്തമാകുകയും അതു വഴി ഒന്നാം അര്‍ധവര്‍ഷത്തെ നിക്ഷേപം 734 ടണ്ണിലെത്തുകയുമായിരുന്നു. രണ്ടാം ത്രൈമാസത്തിലെ പത്തു ശതമാനം വര്‍ധനവോടെ ആദ്യ അര്‍ധ വര്‍ഷത്തിലെ അമേരിക്കന്‍ ഡോളറിലുള്ള സ്വര്‍ണ വില 17 ശതമാനം മുന്നേറുകയായിരുന്നു. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപങ്ങളും ഈ പ്രവണതയ്ക്ക് ഊര്‍ജ്ജമേകി. രൂപയും യൂറോയും സ്റ്റെര്‍ളിങും റെമിന്‍ബിയും അടക്കമുള്ള പല കറന്‍സികളിലും സ്വര്‍ണ വില റെക്കോര്‍ഡിലെത്തുകയും ചെയ്തു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണത്തിന്റെ ആകെ ലഭ്യത ആറു ശതമാനം കുറഞ്ഞ് 2,192 ടണ്ണിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മൈനുകളിലെ ഉല്‍പ്പാദനവും റീസൈക്ലിങും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കുറഞ്ഞതാണ് ഇതിനു വഴിയൊരുക്കിയത്. പലിശ നിരക്കുകള്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയതും പണലഭ്യതാ നീക്കങ്ങളും സ്വര്‍ണ കൈവശം വെക്കുന്നതിന്റെ ചെലവു കുറച്ചതായാണ് ഈ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ വിപണി ഇന്റലിജന്‍സ് ലൂയീസ് സ്ട്രീറ്റ് ചൂണ്ടിക്കാട്ടിയത്.

Related Stories

Anweshanam
www.anweshanam.com