മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

കൊച്ചി, മാര്‍ച്ച് 25, 2021: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-21ലെ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്,

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ (ഡോ) കെ.എന്‍ മധുസൂദനന്‍ സ്‌കോളര്‍ഷിപ് വിതരണ ഉത്ഘാടനം നിര്‍വഹിച്ചു.

പഠനച്ചിലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും മികവും നേടുന്നതിനായി സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിലൂടെ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇത് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും മികച്ച പൗരന്മാരായി സമൂഹത്തിന് സംഭാവന ചെയ്യുന്നതിനും അവരെ സഹായിക്കും കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ (ഡോ) കെ.എന്‍ മധുസൂദനന്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠന മികവു പുലര്‍ത്തുന്ന കുട്ടികളെ സാമ്പത്തിക ബാധ്യതകളില്ലാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ പത്താം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ട്. കേരളത്തിന് പുറമേ, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മുംബൈ, ഗോവ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ടെന്ന് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

രണ്ടുലക്ഷത്തില്‍ താഴെ പ്രതി വര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ മെഡിസിന്‍, എഞ്ചിനീയറിംഗ്, ബിഎസ്‌സി നേഴ്‌സിംഗ്, ബികോം വിദ്യാര്‍ഥികളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പത്ത് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് 2,00,000 രൂപ വീതവും 10 ബിടെക് വിദ്യാര്‍ഥികള്‍ക്ക് 1,00,000 രൂപ വീതവും 10 ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 1,00,000 രൂപ വീതവും 10 ബി കോം വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്.

മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ വിഭാഗം ഹെഡ് ബാബു ജോണ്‍ മലയില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അദ്ധ്യക്ഷ്യനായിരുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ് മുഖ്യപ്രഭാഷണം നടത്തി. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി, എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ജുനൈദ്, സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. പ്രസാന്ത് പാലക്കപ്പില്ലില്‍, നോഡല്‍ ഓഫീസര്‍ കോവിഡ് കണ്‍ട്രോള്‍ എയര്‍പോര്‍ട്ട് തുറമുഖം, പിവിഎസ് കവര്‍ അപ്പെക്‌സ് സെന്റര്‍ ഡോ. ഹനീഷ്, കോട്ടയം സെന്റ്ജിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി. സി. നീലകന്ദന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം റീജിയണല്‍ മാനേജര്‍ വിനോദ് നന്ദി രേഖപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com