എല്‍&ടിയുടെ ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ ബിസിനസ് ഷ്‌നൈഡര്‍ ഇലക്ട്രിക്കിന്

2018 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്ന ഈ നീക്കം ആവശ്യമായ അനുമതികള്‍ക്കും പ്രക്രിയകള്‍ക്കും ശേഷമാണ് പൂര്‍ത്തിയാക്കിയത്.
എല്‍&ടിയുടെ ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍  ബിസിനസ് ഷ്‌നൈഡര്‍ ഇലക്ട്രിക്കിന്

കൊച്ചി: എല്‍&ടിയുടെ ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ ബിസിനസ് ഷ്‌നൈഡര്‍ ഇലക്ട്രിക്കിനു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2018 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്ന ഈ നീക്കം ആവശ്യമായ അനുമതികള്‍ക്കും പ്രക്രിയകള്‍ക്കും ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഭാവിയിലെ മൂല്യത്തോടു കൂടിയ വളര്‍ച്ച ലക്ഷ്യമിട്ടാണ് തന്ത്രപരമായ ഈ നീക്കത്തിന് എല്‍&ടി തുടക്കം കുറിച്ചത്. ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് എല്‍&ടി ബിസിനസ് നിക്ഷേപങ്ങള്‍ വിലയിരുത്തുന്നതും മൂലധന വകയിരുത്തല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. നിക്ഷേപങ്ങള്‍ പുനര്‍വിശകലനം ചെയ്യുന്ന തന്ത്രപരമായ പ്രക്രിയയുടെ ഭാഗമായാണ് ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ ബിസിനസില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്.

ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ മേഖലയിലെ അയ്യായിരത്തോളം ജീവനക്കാര്‍ ഷ്‌നൈഡര്‍ ഇലക്ട്രികിന്റെ ആഗോള കുടുംബത്തിന്റെ ഭാഗമായി മാറും. നവി മുംബൈ, അഹമദ്‌നഗര്‍, വഡോദര, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളിലുള്ള നിര്‍മാണ കേന്ദ്രങ്ങളും യുഎഇ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള ബന്ധപ്പെട്ട സബ്‌സിഡിയറികളും ഷ്‌നൈഡര്‍ ഇലക്ട്രികിനു കൈമാറും. സൗദി അറേബ്യയിലുള്ള എല്‍&ടി ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ സൗദി അറേബ്യ കമ്പനി പ്രാദേശികമായ അനുമതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഷ്‌നൈഡറിനു കൈമാറും.

തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങളിലെ നാഴികക്കല്ലാണ് ഇലക്ട്രിക്കല്‍ & ഓട്ടോമേഷന്‍ മേഖലയില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എല്‍&ടി ഗ്രൂപ്പ് ചെയര്‍മാര്‍ എ എം നായ്ക് പറഞ്ഞു. ബിസിനസ് വളര്‍ത്താനുള്ള ശരിയായ പങ്കാളിയാണ് ഷ്‌നൈഡര്‍ ഇലക്ട്രിക് എന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ശക്തമായ ബാലന്‍സ് ഷീറ്റ് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പൂര്‍ണമായും പണത്തിലുള്ള ഈ ഇടപാടെന്ന് എല്‍ & ടി സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ബിസിനസിന്റെ മുഖ്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ദീര്‍ഘകാല മൂല്യമുണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപിസി, സേവന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് എല്‍&ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി നിരവധി ബിസിനസുകളില്‍ നിന്നു പിന്‍വാങ്ങുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com