ഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കും : ടി.ജെ വിനോദ്

 ഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കും : ടി.ജെ വിനോദ്

കൊച്ചി : ജല, റോഡ് ഗതാഗതവും മെട്രോ അടക്കമുള്ള റെയില്‍ ഗതാഗത സംവിധാനവും ഏകോപിപ്പിച്ചുകൊണ്ട് ഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിന് പ്രധാന പരിഗണന നല്‍കുമെന്ന് എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്. ജലഗതാഗതവുമായി ബന്ധപ്പെട്ട ചേരാനല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യം കൂടുതല്‍ വികസിപ്പിച്ച് അവയെ റോഡ് ഗതാഗതവുമായി സംയോജിപ്പിച്ചുകൊണ്ട് കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതും പ്രധാന പരിഗണനയിലുള്ള വിഷയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുറോഡുകളും ഇടറോഡുകളിലും വികസിപ്പിച്ചു കൊണ്ട് എറണാകുളം മണ്ഡലത്തിനായി ഒരു മൊബിലിറ്റി പ്ലാന്‍ തയ്യാറാക്കുക എന്നതും ഇവയുടെ കാര്യക്ഷമമായ ഏകോപനത്തിന് ഇതിനകം തന്നെ നിലവില്‍ വന്ന കെ.എം.ടി.എയുടെ നേതൃത്വപരമായ പങ്ക് ഉറപ്പാക്കുകയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ടി.ജെ വിനോദ് പറഞ്ഞു.
നവതി ആഘോഷിക്കുന്ന റിട്ടയേഡ് ജസ്റ്റിസ് പി.കെ ഷംസുദ്ദീനെ ടി.ജെ വിനോദ് പൊന്നാട അണിയിച്ച് ആദരിച്ചു. കുന്നുംപുറം ഡിവിഷനിലെ വാഹന പര്യടനം ഇടപ്പള്ളി നോര്‍ത്തില്‍ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കുന്നുംപുറം ഡിവിഷനില്‍ സമാപിച്ചു. പ്രദേശവാസിയായ പി. രാധാഭായ് ആരതി ഉഴിഞ്ഞ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത് കൗതുകമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും താന്‍ ടി.ജെ വിനോദിനെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച കഥയും അവര്‍ പങ്കുവച്ചു.
ചിറ്റൂര്‍ രാജീവ് നഗര്‍, ഇടയക്കുന്നം തണല്‍ ലെയിന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ടി.ജെ വിനോദ് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ മാര്‍ ജോസഫ് കളത്തില്‍പറമ്പില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പെസഹ കുര്‍ബ്ബാനയിലും അദ്ദേഹം കുടുംബസമേതം പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com