പ്രിയങ്കയെ കൈയേറ്റം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നിയമിച്ചതായും നോയിഡ പോലീസ് അറിയിച്ചു
പ്രിയങ്കയെ കൈയേറ്റം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്

നോയിഡ: നോയിഡയില്‍ പ്രിയങ്ക ഗാന്ധിയെ പോലീസുകാരന്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നിയമിച്ചതായും നോയിഡ പോലീസ് അറിയിച്ചു.

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ശനിയാഴ്ച രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുമൊപ്പം നടത്തിയ യാത്രയ്ക്കിടയിലാണ് പ്രിയങ്കക്കെതിരേ കൈയേറ്റമുണ്ടായത്. തടിച്ചുകൂടിയ പ്രവര്‍ത്തകരെ തടയാനായി യു.പി പോലീസ് ഡിഎന്‍ഡി ഫ്‌ളൈഓവറിനു സമീപം വലിയ തോതില്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെടുന്നതിനിടെയാണ് ഒരു പുരുഷ പോലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.

അതേസമയം, വിഷയത്തിൽ ഹാഥ്റസിൽ പ്രതിഷേധം തുടരുകയാണ്. കുടുംബാംഗങ്ങളെ കാണാനെത്തിയ ആര്‍എൽഡി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഇന്ന് ലാത്തിച്ചാര്‍ജ് നടത്തി. പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫൂൽഗഡി ഗ്രാമത്തിലെത്തി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട ആസാദ്, എസ്ഐടി, സിബിഐ അന്വേഷണങ്ങളല്ല സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ വിഷയത്തിൽ പരക്കുന്നത് കള്ളക്കഥയാണ് മുൻ ഹാഥ്റസ് എംഎൽഎയും ബിജെപി നേതാവുമായ രാജീവ് സിംഗ് പഹൽവാൻ ആരോപിച്ചു. ചാനലുകൾ പറയുന്നത് കള്ളമാണ്. ആരും പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതിന് തെളിവുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com