വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ്
Wayanad

വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ്

മൂന്ന് പേര്‍ രോഗമുക്തി നേടി

By News Desk

Published on :

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി.

ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബംഗളൂരുവില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മടക്കര സ്വദേശിയായ 43 കാരന്‍, ദുബായിയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55 കാരി, 29 കാരി, 30കാരന്‍, ജൂലൈ മൂന്നിന് ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചു.

ഇതിന് പുറമെ, ജൂലൈ രണ്ടിന് ബംഗളൂരുവില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50 കാരന്‍, ജൂണ്‍ 26ന് സൗദിയില്‍നിന്ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്പോസ്റ്റ് വഴി കല്‍പ്പറ്റയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയല്‍ സ്വദേശിയായ 34 കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍ നിന്നും ലോറിയില്‍ കുറ്റ്യാടി വഴി ബത്തേരിയില്‍ എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23 കാരന്‍, ജൂണ്‍ 23ന് ദുബായിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി മാനന്തവാടിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29 കാരന്‍ എന്നിവരെയാണ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതില്‍ മടക്കര സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 27ന് ചികിത്സ ആരംഭിച്ച കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

Anweshanam
www.anweshanam.com