മൂന്നാഴ്ച അടച്ചിട്ട ശക്തന്‍ മാര്‍ക്കറ്റില്‍ പ്രവേശനം പാസുമൂലം, നാളെ തുറന്നേക്കും
Thrissur

മൂന്നാഴ്ച അടച്ചിട്ട ശക്തന്‍ മാര്‍ക്കറ്റില്‍ പ്രവേശനം പാസുമൂലം, നാളെ തുറന്നേക്കും

കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂകയുള്ളൂ.

News Desk

News Desk

തൃശൂര്‍: മൂന്നാഴ്ച അടച്ചിട്ട ശക്തന്‍തമ്പുരാന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറന്നേക്കും. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂകയുള്ളൂ. മാര്‍ക്കറ്റില്‍ 200ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. കര്‍ശന നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റിലെ കടകള്‍ 15ന് ശേഷം തുറക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനമുള്ളൂ.

വ്യാപാരികളില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണ ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാല്‍ ഇന്നലെ മാര്‍ക്കറ്റ് തുറന്നില്ല. മാര്‍ക്കറ്റിലെ തിരക്ക് കുറക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റു കടകള്‍ക്ക് പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ തുറക്കാം. ഒരു കടയില്‍ വ്യാപാരിയും തൊഴിലാളികളുമടക്കം 3 പേരെ മാത്രമേ അനുവദിക്കൂ. മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്, പുലര്‍ച്ചെ 2.30ന് ചരക്ക് ഇറക്കണം. 6ന് വ്യാപാരികള്‍ക്കും 9ന് പൊതുജനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ പ്രവേശിക്കാം. 9ന് മുൻപ് മൊത്തവ്യാപാരം പൂര്‍ത്തിയാക്കണം. 9ന് ശേഷമേ ചില്ലറ വ്യാപാരം അനുവദിക്കൂ. ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്കിറക്കാനും സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. അതേസമയം ആഴ്ചയിലെ മൂന്നു ദിവസങ്ങളില്‍ കടകള്‍ തുറക്കുന്ന രീതിക്കെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്

ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പലചരക്കു വ്യാപാരികളുടെ ആവശ്യം. മാര്‍ക്കറ്റ് അടച്ചിട്ടതു മുതല്‍ വ്യാപാരികളോടും തൊഴിലാളികളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ പോയില്ല. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞവര്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ആശുപത്രിയില്‍ പരിശോധന നടത്തി കോറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ പല വ്യാപാരികളും നിരീക്ഷണത്തില്‍ പോകാതെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ പോയി കച്ചവടം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ഇവരൊന്നും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന.

അതേസമയം ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതിനിടെ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ വഴിയോര കച്ചവടം ഇന്നലെ പുനരാരംഭിച്ചു. മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം നടത്തുന്ന 200 പേര്‍ക്ക് കൊറോണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കച്ചവടം ആരംഭിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ശക്തന്‍നഗറിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

Anweshanam
www.anweshanam.com