Thiruvananthapuram

വർക്കല നഗരസഭ യുടെ ഐ.പി.എം.എസ് പദ്ധതി; ഡ്രോൺ സർവ്വേ തുടങ്ങി

By anweshanam@gmail.com

Published on :

വർക്കല: വർക്കല നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മന്റ് സിസ്റ്റം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ വി ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭരണ സംവിധാനങ്ങൾ ഡിജിറ്റലൈസ് ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം കൊറോണ കാട്ടിതന്നതായി അദ്ദേഹം പറഞ്ഞു. മൂന്നു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നും എല്ലാവരും ഇതിനോടു സഹകരിക്കണമെന്നും നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഡ്രോൺ സർവ്വേ പൂർത്തിയാക്കി മൂന്നു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി സജി എൽ. എസ് പറഞ്ഞു.ജനക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഐ.പി.എം.എസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത്തു പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പെടയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി മാപ്പ് ചെയ്യപ്പെടും. കൂടാതെ റോഡ്, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ തുടങ്ങിയവ ഒരു വെബ്‌പോർട്ടലിൽ ആവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാൻ കഴിയും. ജീവനക്കാർക്ക് ഫീൽഡ് വർക്ക് ഇല്ലാതെ തന്നെ ഏറ്റവും കൃത്യതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതു വഴി സാധിക്കും. വ്യക്തിഗതവിവരങ്ങൾ തെളിയിക്കുന്നതിനുള്ള ഒരു രേഖയും മാപ്പിങ് സർവേയിൽ പൊതുജനങ്ങൾ നൽകേണ്ടതില്ല. എന്നാൽ റേഷൻ കാർഡ്, കെട്ടിട നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണമെന്ന് നഗരസഭ അറിയിച്ചു.

Anweshanam
www.anweshanam.com