മൈനിങ്ങിന് അനുമതി; നന്ദിയറിയിച്ച് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള തോന്നക്കലിലെ സ്ഥലത്ത് മൈനിങ്ങിന് അനുമതി ലഭ്യമാകാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയ സംസ്ഥാന സര്‍ക്കാരിനോടും മന്ത്രി ഇ.പി ജയരാജനോടും വ്യവസായ സെക്രട്ടറി എം.ഡി ഹനീഷിനോടും ജിയോളജി വകുപ്പിനോടും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റിനോടും കമ്പനി നന്ദി അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളിലെ ഖനനാനുമതി ലഭ്യമാക്കാന്‍ വേണ്ട സഹായം സര്‍ക്കാരിന്റെയും മറ്റ് വകുപ്പുകളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഖനനത്തിന് അനുമതിയില്ലാതായതോടെയായിരുന്നു കമ്പനി അടച്ചു പൂട്ടലിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം ഖനനത്തിനാവശ്യമായ പരിശോധന പൂര്‍ത്തിയാക്കി മൈനിങ്ങ് ഡയറക്ടറേറ്റ് അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന്

പ്രവര്‍ത്തനത്തിനാവശ്യമായ മൈനിങ്ങിന് മാത്രമേ അനുമതി ലഭ്യമായിട്ടുള്ളൂ. എന്നാല്‍ നിലവിലെ അപേക്ഷയിന്മേല്‍ തോന്നക്കലിലെ മറ്റ് പ്രദേശങ്ങളിലും പുതുതായി ഖനനത്തിന് അപേക്ഷ നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലും അനുമതി നല്‍കിയാല്‍ മാത്രമേ കമ്പനി നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാനാകൂ. വ്യവസായ വകുപ്പ് മന്ത്രി, വ്യവസായ സെക്രട്ടറി, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇതിനുള്ള അനുമതി എത്രയും വേഗം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com