തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര് 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ആനയറയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി – സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്, സൂപ്പർ ക്ലാസ് ബസ് ടെർമിനൽ എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 26 ന് രാവിലെ 10.30 തിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് കെഎസ്ആർടിസി -സ്വിഫ്റ്റിന്റെ ഔദ്യോഗിക ലോഗോ മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർവ്വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡോ.ശശി തരൂർ എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സൂപ്പർ ക്ലാസ് ബസ് ടെർമിനിൽ നിന്നും പുറപ്പെടുന്ന ബസുകളിലെ യാത്രാക്കാർക്ക് നഗരത്തിലെ തിരക്കിൽപ്പെടാതെ സമയം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ സമയം അനുസരിച്ച് ദീർഘ ദൂര ബസുകൾ എയർപോർട്ട് വഴി സർവ്വീസ് നടത്തുന്നതിനായി ക്രമീകരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനയറയിലെ സൂപ്പർ ക്ലാസ് ബസ് ടെർമിനലിലേക്കും , തിരിച്ചും ഫീഡർ ബസ് സർവ്വീസുകൾ ക്രമീകരിച്ചിക്കുന്നുണ്ട്.
സൂപ്പർ ക്ലാസ് ബസ് ടെർമിനൽ കേരളത്തിലെ ആദ്യ ശീതീകരിച്ച ബസ് ടെർമിനൽ എന്നുമാത്രമല്ല. ഇവിടെ യാത്രക്കാർക്ക് ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളായ റസ്റ്റ് റൂമുകൾ, കടകൾ, ഹോട്ടലുകൾ എന്നിവയും സജ്ജമാക്കും. ടെർമിനലിനോടൊപ്പം വിനോദ സഞ്ചാരികൾക്കായി ബോട്ട് ജെട്ടിയും വിഭാവനം ചെയ്തിരിക്കുന്നത് വഴി വേളി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഗതാഗതസൗകര്യം വർദ്ധിപ്പിച്ചുണ്ട്.
Comments