തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 853 പേര്‍ക്ക്. ഇതില്‍ 822 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 171 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. ആറുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.
ആറുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി ശിവശങ്കരന് നായര്‍(87), മരിയപുരം സ്വദേശിനി ധനുജ(90), വിതുര സ്വദേശി ശശിധരന് പിള്ള(64), കോരാണി സ്വദേശി രാജപ്പന്(65), തിരുമല സ്വദേശി രവീന്ദ്രന്(73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ്(37)എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 349 പേര് സ്ത്രീകളും 504 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 88 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,454 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,051 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,742 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,928 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 434 പേര് ഇന്ന് രോഗമുക്തി നേടി.
അതേസമയം എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഇന്ന് രോഗികളുടെ എണ്ണം തിരുവനന്തപുരത്തേക്കാള്‍ കൂടുതലാണ്. കോഴിക്കോട്ട് ഇന്ന് 956 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ എറണാകുളത്തും മലപ്പുറത്തും യഥാക്രമം 924, 915 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.