പൊന്നാനിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

കോവിഡ് ചികിത്സയ്ക്കായി പൊന്നാനി നഗരസഭയില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ട്രീറ്റ്മെന്റ് സെന്ററില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ പുരോഗമിക്കുകയാണ്. നഗരസഭയും പൊതുജനങ്ങളില്‍ നിന്ന് സഹായങ്ങളും സ്വീകരിച്ചാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. കൊല്ലന്‍പടിയിലെ എവറസ്റ്റ് ഓഡിറ്റോറിയം, പുതുപൊന്നാനി എം.ഐ. ബി.എഡ് സെന്റര്‍ എന്നിവിടങ്ങളിലാണ് നഗരസഭ സെന്ററുകള്‍ തുടങ്ങുന്നത്.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുളള സഹായങ്ങള്‍ക്കായി നഗരസഭയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍പ്പെട്ട പൊന്നാനി കോരവളവിലെ കെ.എം സ്റ്റോര്‍ ഉടമ കെ.എം ഷഫീഖാണ് ആദ്യ സഹായം നല്‍കിയത്. 120 സോപ്പ്, 93 സാനിറ്റൈസര്‍, 125 മാസ്‌കുകള്‍ എന്നിവയാണ് കെ.എം ഷഫീഖ് നഗരസഭയില്‍ എത്തിച്ചു നല്‍കിയത്.

കോവിഡ് ടെസ്റ്റ് പോസിറ്റീവായ കേസുകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവര്‍ക്കും വളരെ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സ നല്‍കുന്നതിനാണ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന ജനകീയ രോഗ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍.

കൊല്ലന്‍പടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയും സംഘവും സന്ദര്‍ശനം നടത്തി വിലയിരുത്തി. നഗരസഭാ സെക്രട്ടറി ആര്‍.പ്രദീപ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍, ഡോ. സന്ദീപ്, നഗരസഭാ എഞ്ചിനീയര്‍ ജെ.സുരേഷ് കുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com