കോവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും; മന്ത്രി ടി പി രാമകൃഷ്ണന്‍
Kozhikode

കോവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും; മന്ത്രി ടി പി രാമകൃഷ്ണന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കണ്‍ട്രോള്‍ റൂമുകളുടെയും റാപ്പിഡ് റെസ്പോണ്‍സ് ടീം- ആര്‍ആര്‍ടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.

By News Desk

Published on :

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി 1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഇതിലേക്കായി ഒരുക്കുന്നത്. പ്രതിദിന സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുളളില്‍ ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കണ്‍ട്രോള്‍ റൂമുകളുടെയും ദ്രുതകര്‍മ സേനകളുടെയും (റാപ്പിഡ് റെസ്പോണ്‍സ് ടീം- ആര്‍ആര്‍ടി) പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ക്വാറന്റീനില്‍ കഴിയുന്നവരുടെ ഗൃഹസന്ദര്‍ശനം നൂറു ശതമാനം ഉറപ്പുവരുത്തും. ആര്‍ആര്‍ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1,500 ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അനുവദിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വരുന്നവര്‍ക്ക് ക്വാറന്റീന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരം ലഭിക്കണമെങ്കില്‍ രജിസ്ട്രേഷന്‍ അത്യാവശ്യമാണ്. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com