കാഴ്ച പരിമിതർക്ക് വോട്ട് ചെയ്യാൻ സഹായി

വോട്ടിങ് യന്ത്രത്തിലെ ചിഹ്നങ്ങൾ വേർതിരിച്ച് അറിഞ്ഞോ ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച ശേഷമാണ് സഹായിയെ അനുവദിക്കുക.
കാഴ്ച പരിമിതർക്ക് വോട്ട് ചെയ്യാൻ സഹായി

കാഴ്ച പരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും. ഇവർക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തിയോ ബട്ടണോട് ചേർന്ന ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടണം.

വോട്ടർ നിർദ്ദേശിക്കുന്നതും 18 വയസ്സ് പൂർത്തിയായതുമായ സഹായിയെയാണ് അനുവദിക്കുക. എന്നാൽ സ്ഥാനാർത്ഥിയെയോ പോളിങ് ഏജൻ്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രത്യക്ഷത്തിൽ കാഴ്ചക്ക് തകരാറുള്ള സമ്മതിദായകരോട് വോട്ടിങ് യന്ത്രത്തിലെ ചിഹ്നങ്ങൾ വേർതിരിച്ച് അറിഞ്ഞോ ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച ശേഷമാണ് സഹായിയെ അനുവദിക്കുക.

വോട്ട് രേഖപ്പെടുത്തുന്ന ഭാഗത്തേക്ക് പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ പോകാൻ പാടില്ല. സമ്മതിദായകനു വേണ്ടി രേഖപ്പെടുത്തിയ വോട്ടിൻ്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനിൽ മറ്റേതെങ്കിലും സമ്മതിദായകൻ്റെ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നുമുള്ള പ്രഖ്യാപനം സഹായി നിർദ്ദിഷ്ട ഫോം 22 ൽ രേഖപ്പെടുത്തി നൽകണം. ഇത് പ്രിസൈഡിങ് ഓഫീസർമാർ പ്രത്യേക കവറിൽ വരണാധികാരികൾക്ക് അയച്ചുകൊടുക്കണം. ശാരീരിക അവശതയുള്ളവരെ വരിയിൽ നിർത്താതെ പോളിങ് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിപ്പിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com