ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും കോവിഡ്;  ആശങ്കയില്‍ കോഴിക്കോട്
Kozhikode

ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും കോവിഡ്; ആശങ്കയില്‍ കോഴിക്കോട്

By News Desk

Published on :

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലേക്കും കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്കയില്‍ കോഴിക്കോട്. ഇതുവരെ നാല് ഡോക്ടര്‍മാര്‍ക്കും പതിനാല് നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മുക്കത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. അതിനിടെ ജില്ലാ മെഡിക്കല്‍ ഒാഫിസിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍‌ക്കും രണ്ട് നഴ്സുമാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. കൊറോണ ഇതര വാര്‍ഡിലെ ജീവനക്കാരനായിരുന്നു ഇവര്‍. ഇവിടെ ചികില്‍സയ്ക്കെത്തിയ മൂന്ന് രോഗികള്‍ക്കും രോഗം ബാധിച്ചു. ഇതോടെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഇതുവരെ 84 പേരാണ് മെഡിക്കല്‍ കോളജില്‍നിന്ന് മാത്രം നിരീക്ഷണത്തില്‍പോയത്. ബീച്ച്‌ ജനറലാശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പതിനൊന്ന് നഴ്സുമാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രോഗ ലക്ഷണം കണ്ടതിനെതുടര്‍ന്നാണ് രണ്ടു നഴ്സുമാരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട നാല്‍പതുപേരുടെ സ്രവം പരിശോധിച്ചപ്പോള്‍ ഒന്‍പത് രോഗികളെ കൂടി കണ്ടെത്തി. ഇവിടെ ചികിത്സയ്ക്കെത്തിയവരുടെ വിവര ശേഖരണം തുടരുകയാണ്. നഗരത്തിലെതന്നെ മറ്റൊരാശുപത്രിയിലെ നഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ രോഗിയുണ്ടായിരുന്ന സ്ഥാപനത്തില്‍ തെളിവെടുപ്പിന് പോയതാണ് മുക്കത്ത് പൊലീസുകാര്‍ നിരീക്ഷണത്തിലാകാന്‍ കാരണം.

Anweshanam
www.anweshanam.com