തളിപ്പറമ്പ് വുഡ് ഫർണിച്ചർ ക്ലസ്റ്ററിലെ കോമൺ ഫെസിലിറ്റി സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ പതിനൊന്നാമത്തെ കോമൺ ഫെസിലിറ്റി സെന്ററാണ് കണ്ണൂർ തളിപ്പറമ്പിലെ വുഡ് ഫർണിച്ചർ ക്ലസ്റ്റർ.
തളിപ്പറമ്പ് വുഡ് ഫർണിച്ചർ ക്ലസ്റ്ററിലെ കോമൺ ഫെസിലിറ്റി സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ എം.എസ്.ഇ-സി.ഡി.പി പദ്ധതി പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വുഡ് ഫർണിച്ചർ ക്ലസ്റ്ററിലെ കോമൺ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കോമൺ ഫെസിലിറ്റി സെന്ററിന്റെ ആകെ പദ്ധതി തുക 11.65 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതം 8.12 കോടി രൂപയും സംസ്ഥാന വിഹിതം 2.35 കോടി രൂപയും കൺസോർഷ്യം വിഹിതം 1.18 കോടി രൂപയുമാണ്. ക്ലസ്റ്ററിൽ 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളുണ്ട്. ഇതിൽ 53 യൂണിറ്റുകൾ ചേർന്നുള്ള കൺസോർഷ്യമാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ പതിനൊന്നാമത്തെ കോമൺ ഫെസിലിറ്റി സെന്ററാണ് കണ്ണൂർ തളിപ്പറമ്പിലെ വുഡ് ഫർണിച്ചർ ക്ലസ്റ്റർ.

ആധുനിക രീതിയിലുള്ള തടി/മരം അധിഷ്ഠിതമായ ഉൽപ്പന്നങ്ങളുടെ വിവിധ ഘടകങ്ങളുടെ ഉൽപാദന സൗകര്യങ്ങൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തടിയുടെ സംസ്‌കരണവും സംരക്ഷണവും, അസംസ്‌കൃത വസ്തുക്കളെ പരമാവധി ഉപയോഗിച്ച് ചെറിയ തടി കഷണങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഫിംഗർ ജോയിനിംഗ് സൗകര്യങ്ങൾ, പരിശീലന സൗകര്യങ്ങൾ, അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നത്, മറ്റ് അനുബന്ധ സേവനങ്ങൾ നൽകുക തുടങ്ങിയവയാണ് ഈ കോമൺ ഫെസിലിറ്റി സെന്ററിലെ സൗകര്യങ്ങൾ.


കേന്ദ്രസർക്കാരിന്റെ എം.എസ്.ഇ-സി.ഡി.പി പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 15 ക്ലസ്റ്ററുകളിൽ കോമൺ ഫെസിലിറ്റി സെന്റർ (പൊതു സൗകര്യ കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 11 പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു.


ഓൺലൈനിലൂടെ നടന്ന ഉദ്ഘാടനം ചടങ്ങിൽ വ്യവസായിക കായിക യുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ സ്വാഗതവും വ്യവസായ വാണിജ്യ ഡയറക്ടർ എം.ജി.രാജമാണിക്യം നന്ദിയും അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com