എറണാകുളത്ത് എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവര്‍ത്തനമാരംഭിച്ചു
Ernakulam

എറണാകുളത്ത് എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിലെ അഞ്ചു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും വാഹനങ്ങൾ പ്രവർത്തിക്കുന്നത്.

By News Desk

Published on :

എറണാകുളം: അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് പരിശോധനകളും ചികിത്സയും ഉറപ്പാക്കാൻ ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എമർജൻസി മൊബൈൽ മെഡിക്കൽ ടീം ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും വാഹനങ്ങൾ പ്രവർത്തിക്കുന്നത്.

കോവിഡ് പരിശോധനക്ക് ആവശ്യമായ ആന്റിജൻ കിറ്റുകൾ, മറ്റു പരിശോധന ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ, രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കാൻ ഉള്ള ഉപകരണങ്ങൾ, താപനില പരിശോധിക്കാൻ ഉള്ള സംവിധാനങ്ങൾ, ശരീരത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള പൾസ് ഓക്സി മീറ്റർ, തുടങ്ങിയവയും വാഹനത്തിൽ ഉണ്ടാവും.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും ടീമിന്റെ പ്രവർത്തനം. ഒരു ഡോക്ടറും നഴ്സും വാഹനത്തിൽ ഉണ്ടായിരിക്കും. പ്രത്യേകമായി തിരിച്ച ചേമ്പറുകൾ ഉള്ള വാഹനങ്ങൾ ആയിരിക്കും പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക. വാഹനത്തിന്റെ ചെലവുകൾ ദേശീയ ആരോഗ്യ മിഷൻ ആണ് ചിലവഴിക്കുന്നത്. ജില്ല ഭരണകൂടത്തിന്റെയും ജില്ല മെഡിക്കൽ ഓഫീസിന്റെയും സഹകരണത്തോടെയാണ് ടീമിന്റെ പ്രവർത്തനം. അടിയന്തര സാഹചര്യങ്ങളിൽ അത്യാവശ്യ ഇടപെടലുകൾ നടത്താൻ ടീമിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ജില്ലയില്‍ ഇന്ന് 34 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 479 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതിൽ 9802 പേർ വീടുകളിലും, 194 പേർ കോവിഡ് കെയർ സെന്ററുകളിലും 1383 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 795 ആണ്.

Anweshanam
www.anweshanam.com