രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക് അനുവദിക്കില്ല

രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക് അനുവദിക്കില്ല

എറണാകുളം: പോളിംഗ് സ്‌റ്റേഷനു സമീപം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

പോളിംഗ് സ്‌റ്റേഷനു സമീപം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിംഗ് സ്‌റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളിലും നഗരസഭയില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ അനുവാദമില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌കും ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. പോളിംഗ് സ്‌റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ടുപേര്‍ കൂടുതല്‍ പാടില്ല. വിതരണം നടത്തുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം.

സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടാന്‍ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ചാണ് ക്രമീകരിക്കേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ പരസ്യപ്രചാരണം അവസാനിച്ചാല്‍ ഉടന്‍ തന്നെ നിയോജകമണ്ഡലം വിട്ടു പുറത്തുപോകണം.

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥന്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ് കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്‌റ്റേഷനകത്ത് കൊണ്ടുപോകാന്‍ അനുവാദമില്ല. ഒരു പോളിംഗ് സ്‌റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും.

പോളിംഗ് സ്‌റ്റേഷനുകളില്‍ ഭിന്ന ശേഷിക്കാര്‍, രോഗ ബാധിതര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com