വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; സര്‍വകലാശാലക്ക്​ യു.ജി.സി അംഗീകാരമില്ല

ഇയാള്‍ക്ക്​ സൈകോളജിസ്​റ്റ്​ എന്ന പേര്​ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്ന്​ അറിയിച്ച്‌​ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ രംഗത്തെത്തി
 വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; സര്‍വകലാശാലക്ക്​ യു.ജി.സി അംഗീകാരമില്ല

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ശീല പരാമര്‍ശവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്ടറേറ്റും വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിച്ച്‌ഡി ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. ചെന്നൈ കേന്ദ്രീകരിച്ചുള്ള അഡ്രസില്ലാത്ത ഏതോ സര്‍വകലാശാലയില്‍ നിന്നാണ്​ വിജയ്​ പി നായര്‍ ഡോക്​ടറേറ്റ്​ നേടിയതെന്നാണ്​ വിവരം. സര്‍വകലാശാലക്ക്​ യു.ജി.സി അംഗീകാരം ഇല്ലെന്നും കണ്ടെത്തി.

ഇതോടെ, ഇയാള്‍ക്ക്​ സൈകോളജിസ്​റ്റ്​ എന്ന പേര്​ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്ന്​ അറിയിച്ച്‌​ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ രംഗത്തെത്തി.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷനില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ വിശ്വാസ്യത നേടാനായി ഇയാള്‍ തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുകയായിരുന്നു. ചെന്നൈയിലെ 'ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റി' എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുമാണ് നിന്നാണ് തനിക്ക് പി.എച്ച്‌.ഡി ലഭിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

ഇവിടെ നിന്നും താന്‍ പി.എച്ച്‌.ഡി സ്വീകരിക്കുന്നതായി കാണിക്കുന്നചിത്രങ്ങളും ഇയാള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ചെന്നൈയിലോ സമീപ പ്രദേശങ്ങളിലോ ഇങ്ങനെയൊരു സര്‍വകലാശാല നിലവിലില്ല. സര്‍വകലാശാലയുടേതായി കാണാനാകുന്ന വെബ് സൈറ്റില്‍, സ്ഥാപനത്തിന് കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്റെയോ, യു.ജി.സിയുടെയോ അനുമതി ലഭിച്ചിട്ടുള്ളതിനെ കുറിച്ചുള്ള വിവരങ്ങളുമില്ല.

Related Stories

Anweshanam
www.anweshanam.com