ലിഫ്റ്റ് ചതിച്ചു; രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് യുവാവ്

പാലക്കാട് സ്വദേശി അശോകന്‍ (42) ആണ് അപകടത്തില്‍പ്പെട്ടത്.
ലിഫ്റ്റ് ചതിച്ചു; രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് യുവാവ്

തൃശൂര്‍: ലിഫ്റ്റില്‍ കുടുങ്ങിപ്പോയ യുവാവ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീണു. പാലക്കാട് സ്വദേശി അശോകന്‍ (42) ആണ് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കുകളോടെ അശോകനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകര്‍ന്ന നിലയിലാണ്.

കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാര്‍ട്ട്‌മെന്റിലാണ് അശോകന്‍ താമസിക്കുന്നത്. എട്ടാംനിലയില്‍ താമസിച്ചിരുന്ന ഇയാള്‍ താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റാണ് അപകടത്തില്‍ പെട്ടത്. ലിഫ്റ്റ് കെട്ടിടത്തിന്റെ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയില്‍ നിശ്ചലമായി നിന്നു. ഇതേ തുടര്‍ന്ന് ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ താക്കോലിട്ടു ലിഫ്റ്റിന്റെ വാതില്‍ തുറന്നു. പാതി തുറന്ന വാതിലിലൂടെ ഏഴാം നിലയിലേക്കു പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെയിലാണ് അശോകന്‍ കാല്‍വഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീണത്.

ആദ്യം ആറര നില താഴ്ചയിലേക്കും പിന്നീട് എട്ടടിയോളം ആഴത്തിലേക്കും അശോകന്‍ വീണുപോയി. തറനിരപ്പില്‍ നിന്നു വീണ്ടും എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിനുള്ളില്‍ വീണു കിടക്കുന്ന നിലയിലാണ് അശോകനെ കണ്ടെത്തിയത്. കോണി വെച്ചിറങ്ങി അശോകനെ രക്ഷിക്കാന്‍ മറ്റ് താമസിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ലിഫ്റ്റ് വെല്ലില്‍ ഇറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com