
തൃശൂർ: വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദ സംഘടനയായ ഐഎസില്‍ ചേർക്കാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് യാസ്മിൻ മുഹമ്മദ്.
കാസർഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തിൽ 2016 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കാസർഗോഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴു വർഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്.കേസ് തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തിയതിനാൽ കേരള പൊലീസ് അന്വേഷിച്ച കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. കേസിൽ ഒന്നാം പ്രതിയായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്. അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവേ 2016 ജൂലായ് 30 ന് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് യാസ്മിൻ പിടിയിലായത്.