ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ല; യാസര്‍ എടപ്പാളിനെ തള്ളി മുസ്‌ലിം ലീഗ്

യാസിറിന്റെ മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ്
ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ല; യാസര്‍ എടപ്പാളിനെ തള്ളി മുസ്‌ലിം ലീഗ്

മലപ്പുറം: യാസര്‍ എടപ്പാളിനെ തള്ളി മുസ്‌ലിം ലീഗ് പ്രദേശിക നേതൃത്വം. യാസര്‍ എടപ്പാള്‍ മുസ്‌ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വ്യക്തമാക്കി. മുസ്ലീം ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും പാര്‍ട്ടി അധികൃതര്‍ വ്യക്തമാക്കി.

യാസിറിന്റെ മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആര്‍ കെ ഹമീദ് പറഞ്ഞു. അതേസമയം മന്ത്രിക്ക് എതിരെ നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിക്കുകയും സ്വപ്ന സുരേഷിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദം ചെലുത്തി യാസിറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമവിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചുവെന്നായിരുന്നു യാസറിന്റെ ആരോപണം. മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി നാട്ടില്‍ ഇല്ലാത്ത രീതിയില്‍ സൈബര്‍ ക്രൈം എന്ന പേരില്‍ വീട്ടില്‍ രണ്ട് തവണ റെയ്ഡ് നടത്തിച്ചു. താന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് മന്ത്രിയുടെ പരാതി. എന്നാല്‍ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും അത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലന്നുമാണ് യാസിറിന്റെ നിലപാട്.

Related Stories

Anweshanam
www.anweshanam.com