പാലത്തായി കേസ്: അന്വേഷണസംഘവും ആര്‍എസ്‌എസ്‌എസ്സും ഒത്തുകളിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
Kerala

പാലത്തായി കേസ്: അന്വേഷണസംഘവും ആര്‍എസ്‌എസ്‌എസ്സും ഒത്തുകളിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ഈ കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാനും ഇപ്പോള്‍ ഇരയായ അനാഥ ബാലികയെ തേജോവധം ചെയ്യാനുമുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്

News Desk

News Desk

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെ രക്ഷപ്പെടുത്താന്‍ അന്വേഷണസംഘവും ആര്‍എസ്‌എസ്‌എസ്സും ഒത്തുകളിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം നഫീസത്തുല്‍ മിസ്‌രിയ. കേസ് അട്ടിമറിച്ച്‌ ഇരയ്ക്ക് നീതി നിഷേധിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരും പോലിസും മുന്നോട്ടുപോയാല്‍ കേരളത്തിലെ അമ്മമാരെ തെരുവിലിറക്കി അതിശക്തമായ സമരത്തിന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും ഇവർ പറഞ്ഞു.

മെഡിക്കല്‍ റിപോര്‍ട്ട്, സഹപാടിയുടെ മൊഴി എന്നിവ റിപോര്‍ട്ടില്‍ അന്വേഷണസംഘം ഉള്‍പ്പെടുത്തിയില്ല. പകരം പോലിസുകാരുടെയും പ്രതിക്ക് അനുകൂലമാവുന്ന വിദ്യാർത്ഥികളുടെയും സ്‌കൂള്‍ അധികൃതരുടെയും സാക്ഷിമൊഴികളാണ് റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാനും ഇപ്പോള്‍ ഇരയായ അനാഥ ബാലികയെ തേജോവധം ചെയ്യാനുമുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടിനെതിരേ അതിശക്തമായ ജനകീയസമരം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു.

പ്രക്ഷോഭങ്ങളെ അവഗണിച്ചും നീതിയെ ചവിട്ടിമെതിച്ചുകൊണ്ടുമുള്ള സര്‍ക്കാരിന്റെയും പോലിസിന്റെയും ധാര്‍ഷ്ട്യം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com