രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും: ഇ ശ്രീധരന്‍

35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി ആയിരിക്കും കിംഗ് മേക്കര്‍. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവര്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു
രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും: ഇ ശ്രീധരന്‍

പാലക്കാട്: മുഖ്യമന്ത്രിയാവാന്‍ ബിജെപി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവും. മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.

ബിജെപി അധികാരത്തില്‍ എത്തിയാല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാര്‍ക്കും. ജയിച്ചുകഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം സംവിധാനം ചെയ്തുകഴിഞ്ഞു. എം.എല്‍.എ ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്.

പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കു കൂടി എന്നെപ്പറ്റി അറിയാം. അവര്‍ക്ക് വലിയ ആവേശവും വലിയ ആദരവുമൊക്കെയായിരുന്നു. വ്യക്തിപ്രഭാവം കൊണ്ടാണ് എനിക്കു വോട്ടു കിട്ടുകയെന്നും ശ്രീധരന്‍ പറഞ്ഞു.

ഒരു സീറ്റുള്ള ബി.ജെ.പി 35 സീറ്റില്‍ എത്തുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി ആയിരിക്കും കിംഗ് മേക്കര്‍. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവര്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

"ഇന്നത്തെ എക്‌സിറ്റ് പോള്‍ ഡാറ്റ നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരുമെന്നാണ് എനിക്ക് തോന്നുന്നത്. എംഎല്‍എ ഓഫീസിനുള്ള വീട് വാടകയ്‌ക്കെടുത്തു. അതിന്റെ സൗകര്യങ്ങളെല്ലാം ഒരുക്കുകയാണ്. എട്ടു- പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസ് തുറക്കും. മണ്ഡലത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. വികസനകാര്യങ്ങളും വ്യവസായങ്ങള്‍ എങ്ങനെ കൊണ്ട് വരാമെന്നായിരുന്നു പ്രധാന ചര്‍ച്ചകള്‍. ഞാന്‍ ബിജെപിയില്‍ തന്നെ തുടരും. അതില്‍ സംശയമില്ല. എന്റെ അനുഭവങ്ങളും അറിവും വച്ച്‌ ഞാന്‍ പാര്‍ട്ടിയെ സഹായിക്കും, ഗൈഡ് ചെയ്യും. ഒരു സജീവപ്രവര്‍ത്തകനായി ഞാന്‍ പ്രവര്‍ത്തിക്കില്ല." - ശ്രീധരന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com