ഭാര്യ രേഖകളില്‍ ഒപ്പിട്ടുനല്‍കിയില്ല; ബിനീഷിന്റെ വീട്ടില്‍ നിന്നിറങ്ങാതെ ഇഡി

വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നുവെച്ചതാണെന്നാണ് വീട്ടുകാരുടെ വാദം.
ഭാര്യ രേഖകളില്‍ ഒപ്പിട്ടുനല്‍കിയില്ല; ബിനീഷിന്റെ വീട്ടില്‍ നിന്നിറങ്ങാതെ ഇഡി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രേഖകള്‍ അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയില്ല.

ബിനീഷിന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. ബംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകള്‍ ശരിവെക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവ വീട്ടില്‍ നിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്തി നല്‍കാനും വീട്ടുകാര്‍ വിസമ്മതിച്ചു.

ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നുവെച്ചതാണെന്നാണ് വീട്ടുകാരുടെ വാദം. അഭിഭാഷകനെയും വീട്ടുകാര്‍ ബന്ധപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ രേഖകളില്‍ ഒപ്പിടാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതായി അഭിഭാഷകനും പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. തുടര്‍ന്ന് മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയ്യാറായില്ല.

ഇവിടെ നിന്ന് ക്രെഡിറ്റ്കാര്‍ഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാന്‍ തയ്യാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡാണിത്. ഇഡി തന്നെ ഈ കാര്‍ഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

Related Stories

Anweshanam
www.anweshanam.com