ഉച്ചഭക്ഷണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ്: സംഘടനക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി
Kerala

ഉച്ചഭക്ഷണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ്: സംഘടനക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

തിരുവല്ല കുറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനക്കെതിരെയാണ് പരാതി.

News Desk

News Desk

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിലെ ഉച്ചഭക്ഷണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയ സംഘടനക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി. തിരുവല്ല കുറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനക്കെതിരെയാണ് പരാതി.

ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഫിലിപ്പ് ജോണ്‍ പുന്നാട്ടാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇവര്‍ വിതരണം ചെയ്യുന്ന നോട്ടീസിന്റെ മുന്‍ഭാഗത്ത് സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുറ്റൂരിലെ വിലാസവും പുറക് ഭാഗത്ത് കൊല്ലം രാമന്‍കുളങ്ങരയിലെ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പരുമാണ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കണമെന്നും പണപ്പിരിവ് സംബന്ധിച്ച് എല്ലാ വിവരങ്ങളും അടിയന്തിരമായി അന്വേഷിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന മനടപടി സ്വീകരിക്കണമെന്നും ഫിലിപ്പ് ജോണ്‍ പരാതിയില്‍ പറയുന്നു.

2004 മുതല്‍ ജില്ലാ ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചക്കഞ്ഞി നല്‍കിയിരുന്നത് ചെങ്ങന്നൂരിലെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന ജീവകാരുണ്യ സംഘടനയാണ്. മുന്‍ നഗരസഭ ചെയര്‍മാന്‍ ടോം മുരിക്കും മൂട്ടിലിന്റെ നേതൃത്വത്തിലാണ് ഉച്ചക്കഞ്ഞി നല്‍കിയിരുന്നത്. അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാന്ത്വനം സെക്രട്ടറിയും ഇപ്പോഴത്തെ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റുമായ അഡ്വ. പി. വിശ്വംഭരപണിക്കരും ആശുപത്രി സൂപ്രണ്ടും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഉച്ചഭക്ഷണ വിതരണം നടത്തിയിരുന്നത്.

എന്നാല്‍ 2018 ഡിസംബര്‍ 23ന് ഈ കരാര്‍ നിര്‍ത്തിലാക്കി. ഇതിനു ശേഷമാണ് തിരുവല്ല താലൂക്കിലെ കുറ്റൂരിലുള്ള സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ഉച്ചഭക്ഷണം കൊടുക്കാന്‍ എത്തിയത്.

Anweshanam
www.anweshanam.com