ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ആയുധമാക്കുന്നത് വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ്.
ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്.

ജൂലൈ 11നാണ് സ്വപ്‌ന സുരേഷിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതിനു പത്തുദിവസത്തിനു ശേഷം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും സംയുക്ത ലോക്കര്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ശിവശങ്കറും വേണുഗോപാലും വാട്ട്‌സ് ആപ്പിലൂടെ സംസാരിക്കുന്നുണ്ട്.

ലോക്കറിനെ കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. താന്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്‌ന സുരേഷിനൊപ്പം ലോക്കര്‍ തുറന്നതെന്ന് വേണുഗോപാലിന്റെ മൊഴി പുറത്തുവന്ന മാധ്യമവാര്‍ത്തകളും ഈ ദിവസങ്ങളില്‍ ശിവശങ്കര്‍ പങ്കുവെക്കുന്നു.

അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും ആയുധമാക്കുന്നത് വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ്. ആ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ചിലതു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്വപ്‌ന സുരേഷും വേണുഗോപാലും സംയുക്തമായി ലോക്കര്‍ തുറന്നിരുന്നുവെന്നും അതില്‍നിന്ന് ലൈഫ് ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതുമായ പണം കണ്ടെത്തിയതുമായ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ താന്‍ വീട് അടച്ചു. വീടിന് പുറത്തിറങ്ങിയില്ലെന്നും അവരുടെ ഫോണ്‍ എടുത്തില്ലെന്നും വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്.

ഈ ഘട്ടത്തിലാണ് ആവശ്യമെങ്കില്‍ ഇവിടെനിന്ന് മാറി നില്‍ക്കണമെന്ന് വേണുഗോപാലിനോട് ശിവശങ്കര്‍ നിര്‍ദേശിക്കുന്നത്. നാഗര്‍കോവില്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് താങ്കള്‍ക്ക് പോകാവുന്നതാണെന്നും ശിവശങ്കര്‍ വേണുഗോപാലിനോട് പറയുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com