'കൊല്ലുമോ എന്ന പേടിയാണ് ഞങ്ങള്‍ക്ക്'; കിഴക്കമ്പലത്ത് ക്രൂര മര്‍ദ്ദനമേറ്റ കുടുംബം പറയുന്നു

സംഭവത്തില്‍ 16 പേരെയാണ് കുന്നത്തുനാട് പൊലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്.
'കൊല്ലുമോ എന്ന പേടിയാണ് ഞങ്ങള്‍ക്ക്'; കിഴക്കമ്പലത്ത് ക്രൂര മര്‍ദ്ദനമേറ്റ കുടുംബം പറയുന്നു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിവസം മര്‍ദ്ദനമേറ്റ പ്രിന്റുവും കുടുംബവും ഭീഷണി മൂലം വീട് മാറാനുള്ള തിടുക്കത്തിലാണ്. തങ്ങളെ ഇല്ലാതാക്കുമെന്നാണ് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണിയെന്ന്പ്രിന്റു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് ഒറങ്ങാന്‍ പറ്റണില്ല. പേടിയാണ്. രാത്രി കിടന്നാ ഇനി ഇവരുടെ ആളുകള്‍ വന്ന് ആക്രമിക്കുവോ എന്ന് പേടിയാണ്'', പ്രിന്റു പറയുന്നു.

വയനാട്ടില്‍ നിന്നും 14 വര്‍ഷം മുമ്പാണ് പ്രിന്റു കിഴക്കമ്പലത്തേക്ക് മാറിയത്. കിറ്റക്‌സ് കമ്പനിയില്‍ ജോലിക്ക് കേറിയതോടെ വീട് വാടകയ്‌ക്കെടുത്ത് കുടുംബവുമായി താമസം തുടങ്ങി. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

''ഷര്‍ട്ട് കീറി, മാല വലിച്ച് പൊട്ടിച്ചു, എന്നെ വല്ലാതെ മര്‍ദ്ദിച്ചു. ഇവളെ, ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളി. അതിന് ശേഷം ഞാന്‍ വോട്ട് ചെയ്യുന്നില്ല, പൊക്കോളാം എന്ന് പറഞ്ഞു. എന്നിട്ടും അവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചില്ല'', പ്രിന്റു പറഞ്ഞു.

വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന മുന്നണി പ്രവര്‍ത്തകരുടെ നിലപാടാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 16 പേരെയാണ് കുന്നത്തുനാട് പൊലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 15 പേരെയും അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com