പ്രധാന മന്ത്രിയുടെ പുരസ്‌ക്കാര ചുരുക്ക പട്ടികയില്‍ വയനാട് കളക്ടര്‍ ഡോ.അദീല അബ്ധുള്ളയും
Kerala

പ്രധാന മന്ത്രിയുടെ പുരസ്‌ക്കാര ചുരുക്ക പട്ടികയില്‍ വയനാട് കളക്ടര്‍ ഡോ.അദീല അബ്ധുള്ളയും

12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് വയനാട് ജില്ലാ കലക്ടര്‍ ഇടം പിടിച്ചത്.

News Desk

News Desk

വയനാട്: പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ളയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് വയനാട് ജില്ലാ കലക്ടര്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് 5 പേര്‍ പട്ടികയില്‍ ഇടം നേടി.

മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്‌കാര പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ വിവിധ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ 12 പേരാണുള്ളത്. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അറാമതായാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും രണ്ട് പേര്‍ വീതവും പട്ടികയിലുണ്ട്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള മൂല്യനിര്‍ണയം സെപ്തംബര്‍ 11ന് നടക്കും. പ്രവര്‍ത്തന നേട്ടങ്ങളെ അസ്പദമാക്കി ജില്ലാ കലക്ടര്‍മാര്‍ 15 മിനിട്ട് ദൈര്‍ഘ്യം വരുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തണം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല അബ്ദുള്ള. 2019 നവംബറിലാണ് വയനാട് ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്.

വയനാടിനുള്ള അംഗീകാരമായി പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചതിനെ കാണുന്നുവെന്ന് ഡോ അദീല അബ്ദുള്ള പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളും പട്ടികയില്‍ ഇടം പിടിക്കാന്‍ ഡോ അദീല അബ്ദുള്ളക്ക് സഹായകരമായി.

Anweshanam
www.anweshanam.com