
വാളയാര്‍: വാളയാറില്‍ നീതി തേടി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഈ മാസം 31 വരെയാണ് സമരം തുടരുക. രണ്ട് പെണ്മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, ഒരു വര്‍ഷത്തിനുശേഷം നീതി തേടി അമ്മ സ്വന്തം വീട്ടുമുറ്റത്ത് സത്യാഗ്രഹം തുടങ്ങി. മക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ ഓലപ്പുരയില്ത്തന്നെ തിരിതെളിച്ച് സമരം ആരംഭിച്ച അമ്മ നീതിക്ക് വേണ്ടി തെരുവില്‍ കിടന്നു മരിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കി.
അതേസമയം, പെണ്‍കുട്ടികളുടെ അമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അവര്‍ അത്ര നിഷ്കളങ്കയല്ലെന്നും, കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും പ്രതി ചേര്‍ക്കണമെന്ന് തുടങ്ങി നീളുന്നു ഓരോ പോസ്റ്റുകളും. അതിനു ജീവന് വെപ്പിച്ചത് ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയാണ്. പെണ്‍കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കുള്ള പങ്ക് വ്യക്തമാണെന്നും തന്റെ പെണ്മക്കള് ലൈംഗികമായി ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യം ഈ അമ്മയ്ക്ക് പണ്ടേ അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ ദാരുണമായി മരണപ്പെട്ടശേഷം പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളുടെ വീട്ടില്‍ ആയിരുന്നു അമ്മ താമസിച്ചിരുന്നതെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന് പുറകെ അമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫെയ്ബുക്ക് പോസ്റ്റുകള്‍ നിറയുകയാണ്. വസ്തുതകള്‍ അറിഞ്ഞാല്‍ മാത്രമെ നിലപാട് വ്യക്തമാക്കാന്‍ കഴിയുകയുള്ളുവെന്നും ഈ വിഷയത്തില്‍ കുറ്റപത്രം പോലും വായിക്കാതെ പൊതുബോധം വിഴുങ്ങി ആളുകള്‍ അഭിപ്രായം പറയുന്നതില്‍ വിഷമമുണ്ടെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം, കെഎസ്യു അടക്കം വിവിധ സംഘടനകളാണ് വാളയാറിലെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പിണറായി സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം. ഇന്നലേയും അമ്മ ഇത് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്ത എം ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെണ്‍കുട്ടികളുടെ കുടുംബം പ്രധാനമായും ആവശ്യപ്പെടുന്നത്. ഒരാഴ്ച്ചയ്ക്ക്ശേഷം, സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരവുമായി എത്താനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.
എന്നാല്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന് രംഗത്തെത്തിയിരുന്നു. വെറും മൂന്നുമാസം മാത്രമാണ് കേസില്‍ പ്രോസിക്യൂട്ടറായി താന്‍ പ്രവര്‍ത്തിച്ചതെന്നും ആഭ്യന്തര വകുപ്പ് ഇടപെട്ടാണ് തന്നെ മാറ്റി, ലത ജയരാജനെ നിയമിച്ചതെന്നും ജലജ മാധവന് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അവര്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.വാളയാറില്‍ പതിമൂന്നും ഒമ്പതും വയസായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിരയായി കൊല്ലപ്പെടുകയായിരുന്നു . സഹോദരിമാരായ ഇവരെ ആദ്യം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് വിധി പറഞ്ഞ പാലക്കാട് പോക്സോ കോടതി മതിയായ തെളുവുകളില്ലെന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിട്ടു. കേസിന്റെ അന്വേഷണ കാലയളവില്‍ തന്നെ അന്വഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. കേസില്‍ പുനരന്വേഷണം നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ മേടിച്ചു നല്‍കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ നിരവധി സന്നധ സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.