
പാലക്കാട്: വാളയാര്‍ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനൊരുങ്ങി സമരസമിതി. വെള്ളിയാഴ്ച മുതല്‍ ആണ് നിരാഹാര സമരം ആരംഭിക്കുന്നത്. സാംസ്കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും നിരാഹാരത്തില്‍ പങ്കു ചേരും. ഫെബ്രുവരി അഞ്ചിന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കും.
വാളയാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സിബിഐ അന്വേഷണത്തിനായുള്ള വിജ്ഞാപനം തന്നെ തയ്യാറാക്കിയിട്ടുള്ളത് ഇത്തരത്തിലാണെന്നും നീതിസമരസമിതി ആരോപിച്ചു. ജനുവരി 25 നു ആദ്യവിജ്ഞാപനം വന്നതിനു ശേഷം പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോഴാണ് രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ചുള്ള വിജ്ഞാപനം ഉള്‍പ്പെടുത്തിയതെന്നും സമരസമിതി കുറ്റപ്പെടുത്തി. ഇതുതന്നെ സര്‍ക്കാരിന്റെ താല്പര്യങ്ങള് വ്യക്തമാക്കുന്നുവെന്നും സോജന് അടക്കമുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ നീതിയ്ക്കായി അമ്മ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഒമ്പതാം ദിവസത്തെ ഉത്ഘാടനം ഡിഎച്ആര് എം നേതാവ് സലീന പ്രാക്കാനം നിര്‍വഹിച്ചു. ചടങ്ങില്‍ യുഡിഎഫ് പാലക്കാട് ജില്ലാ കണ്‍വീനര്‍ രാമസ്വാമി മുഖ്യപ്രഭാഷണം നടത്തി. ആദിവാസി സംരക്ഷണമുന്നണി നേതാവ് മാരിയപ്പന് നീലിപ്പാറ അധ്യക്ഷത വഹിച്ചു. നീതിസമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വിഎം മാര്സന്, സമിതിനേതാക്കളായ കബീര്‍ പി എച്, കൃഷ്ണന് മലമ്പുഴ, അട്ടപ്പളളം ഗോപാലകൃഷ്ണന്, നൗഫിയ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തിന്റെ സംഘാടകരായി പ്രവര്‍ത്തിച്ചത് ആദിവാസി സംരക്ഷണമുന്നണിയാണ്.
2017 ജനുവരി 13 നാണ് മൂത്ത പെണ്‍കുട്ടിയെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹമരണത്തിന്റ 52 ആം നാള് ഇളയകുഞ്ഞിനെയും സമാനരീതിയില്‍ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തില്‍ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങള്‍. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരില്‍ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടര്‍ സമരങ്ങളായിരുന്നു. ഒടുവില്‍ ഹൈക്കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടിട്ടു. ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് അമ്മ വീണ്ടും സമരം ആരംഭിച്ചത്.