ഇ-മൊബിലിറ്റി;മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം:വിടി ബല്‍റാം
Kerala

ഇ-മൊബിലിറ്റി;മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം:വിടി ബല്‍റാം

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജികിന്‍റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നാണ് ആരോപണം

By Sreehari

Published on :

തിരുവനന്തപുരം: കൺസൾട്ടൻസി കരാർ അഴിമതിയിൽ പുതിയ ആരോപണുമായി വി ടി ബല്‍റാം എം എല്‍എ. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജികിന്‍റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നാണ് ആരോപണം. പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമാണ് ഐടി കമ്പനിയായ എക്സാലോജിക് സെല്യൂഷന്‍സ്. ഈ കമ്പനിയുടെ വെബ്സൈറ്റിലാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയുടെ ഡയറക്ടറായ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജെയ്‌‍കുമായി കമ്പനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് 'ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ' എന്ന അടിക്കുറിപ്പില്‍ പുതിയ ആരോപണവുമായി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സര്‍ക്കാറിന്‍റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാറിന്‍റെ ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍പ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിക്കുന്നു.

വിടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Exalogic Solutions എന്ന കമ്പനിയുമായി "വളരെ വ്യക്തിപരമായ" തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ "അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക"യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

Anweshanam
www.anweshanam.com