നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​​ഗവർണറുടെ നടപടി അസാധാരണമെന്ന് മന്ത്രി സുനില്‍കുമാര്‍

നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​​ഗവർണറുടെ നടപടി അസാധാരണമെന്ന് മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ അനുമതി നിഷേധിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അസാധാരണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍. ഇക്കാര്യത്തിലെ തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"സംസ്ഥാനത്ത് തന്നെ അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജനം ഇത് മനസ്സിലാക്കണം. ഭരണഘടനയനുസരിച്ച് സഭ കൂടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടാല്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ നിഷേധിക്കാന്‍ പാടില്ലാത്തതതാണ്.എന്ത്‌കൊണ്ട് നിഷേധിച്ചുവെന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. സംസ്ഥാന കാബിനറ്റിന്റെ അവകാശത്തിലാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്. ഗുരുതരസാഹചര്യമായതുകൊണ്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി കൈക്കൊള്ളും", മന്ത്രി അറിയിച്ചു.

ഗവർണർ അനുമതി നൽകാത്ത പക്ഷം നിയമസഭാ വിളിച്ചു കൂട്ടാൻ പറ്റില്ല. സ്വാഭാവികമായും അതു നിയമയുദ്ധത്തിലേക്ക് പോകും. എന്നാൽ ഇക്കാര്യത്തിൽ പാലിക്കേണ്ട അടിസ്ഥാന നയങ്ങളെപ്പറ്റി സുപ്രീംകോടതിയടക്കം നേരത്തെ പലവട്ടം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് വേണം ഗവർണർ നിയമസഭ വിളിച്ചു ചേർക്കാൻ. സാധാരണ ഗതിയിൽ മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഗവർണർ മെനക്കെടാറില്ല. സംസ്ഥാന സർക്കരിൻ്റേയും നിയമസഭയുടേയും തീരുമാനത്തെ മാനിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. - വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.

നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു." രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരേ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാല്‍ അടിയന്തര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്.

കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്", ചെന്നിത്തല പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കര്‍ഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. കോവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂര്‍ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.

സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി. കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പ്രധാനമായും രാജ്ഭവൻ ചോദിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവര്‍ണര്‍ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ നേരിട്ട് രാജ്ഭവനിലെത്തുകയും കാര്‍ഷിക ബിൽ കേരളത്തിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.

സഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com