വ്യാജരേഖ ചമച്ച് വിസ തട്ടിപ്പ്; യുഎഇയിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിയെടുത്തത് ലക്ഷങ്ങൾ

സബീനയുടെ കമ്പനിയിൽ ഏതാനും ജോലി ഒഴിവുകൾ ഉണ്ടെന്നും സബീനക്ക് അത് ശരിയാക്കി നൽകാൻ സാധിക്കും എന്നും പറഞ്ഞായിരുന്നു ഫക്രുദീൻ ബന്ധപ്പെട്ടത്.
വ്യാജരേഖ ചമച്ച് വിസ തട്ടിപ്പ്; യുഎഇയിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിയെടുത്തത് ലക്ഷങ്ങൾ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് മൂന്ന് ലക്ഷം രൂപയോളം തട്ടിയതായി പരാതി. യുഎഇയിലെ കമ്പനിയിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്‌ത് രണ്ട് പേരിൽ നിന്നായാണ് ഇത്രയും പണം തട്ടിയത്. ഇതിനായി വ്യാജ രേഖയും ചമച്ചു. ആറ്റിങ്ങൽ സ്വദേശി ലെജു കുട്ടനും ഇയാളുടെ സുഹൃത്ത് സയ്യിദ് അലിയുമാണ് തട്ടിപ്പിനിരയായത്. കാസർഗോഡ് സ്വദേശികളായ ഫക്രുദീൻ പൈക, ഇയാളുടെ മകൾ സബീന എന്നിവരാണ് യുഎഇ വിസ വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയതെന്ന് തിരുവനന്തപുരം എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

യുഎഇയിലെ അജ്മാനിലെ ഒരേ ബില്‍ഡിങ്ങില്‍ താമസക്കാരയിരുന്നു പരാതിക്കാരനായ ലെജു കുട്ടനും പണം തട്ടിയ ഫക്രുദീന്‍ പൈകയും മകളും. നാഷണല്‍ കാര്‍ റെന്റല്‍ കമ്പനി എന്ന യുഎഇ കമ്പനിയിലാണ് ഇദ്ദേഹത്തിന്റെ മകള്‍ സബീന എച്ച്.ആര്‍.ഓ ആയി ജോലി നോക്കിയിരുന്നത്. ഇതിനിടെ 2019 ഒക്ടോബര്‍ ലെജു കുട്ടന്‍ നാട്ടിലേക്ക് പോന്നു. ഈ സമയത്താണ് ഫക്രുദീന്‍ ഒരു ജോലിയുടെ കാര്യം പറഞ്ഞ് ലെജുവിനെ ബന്ധപ്പെടുന്നത്.

സബീനയുടെ കമ്പനിയില്‍ ഏതാനും ജോലി ഒഴിവുകള്‍ ഉണ്ടെന്നും സബീനക്ക് അത് ശരിയാക്കി നല്‍കാന്‍ സാധിക്കും എന്നും പറഞ്ഞായിരുന്നു ഫക്രുദീന്‍ ബന്ധപ്പെട്ടത്. വിസക്ക് വേണ്ടി ഒന്നര ലക്ഷം രൂപയും വേണമെന്ന് പറഞ്ഞു. ഇത് വിശ്വസിച്ച ലെജു യുഎയില്‍ തന്റെ റൂമില്‍ ഉണ്ടായിരുന്ന സയ്യിദ് അലിയെയും വിവരം അറിയിച്ചു. ഇരുവരും ഒന്നര ലക്ഷം രൂപ നല്ലൊരു ജോലി എന്ന സ്വപനത്തില്‍ മുടക്കാന്‍ തയ്യാറായി.

ഒക്ടോബര്‍ മാസം അവസാനം ലെജു വീണ്ടും യുഎയിലേക്ക് വിസിറ്റിങ് വിസയില്‍ എത്തി. ഇതിനിടെ ഫക്രുദീന്‍ നാട്ടില്‍ എത്തിയിരുന്നു. പണം തയ്യാറായെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ 27 ന് തിരുവനന്തപുരത്ത് വന്ന് പണം വാങ്ങിക്കാം എന്ന് അറിയിച്ചു. ഇത് പ്രകാരം ലെജുവിന്റെ ഒരു സുഹൃത്ത് സയ്യിദ് അലിയും ചേര്‍ന്ന് പണം നല്‍കാന്‍ തിരുവനന്തപുരം റയില്‍വെ സ്റ്റേഷനിലെ വിസിറ്റേഴ്‌സ് റൂമില്‍ എത്തി. യുഎഇയില്‍ ഫക്രുദീന്റെയും ലെജുവിന്റെയും കോമണ്‍ ഫ്രണ്ട് ആയ നൂറുദീനും ഈ സമയം ഉണ്ടായിരുന്നു.

സ്റ്റേഷനിലെ വിസിറ്റേഴ്‌സ് റൂമില്‍ വെച്ച് പണവും പാസ്സ്പോര്‍ട്ട് കോപ്പിയും കൈമാറി. ജനുവരിയില്‍ തന്റെ വിസിറ്റിംഗ് വിസ കഴിയുമെന്നും വിസയുടെ കാര്യം അന്വേഷിക്കാനായും ഫക്രുദീന്‍ ലെജു വിളിച്ചു. ഒരു മാസത്തിനകം വിസ ശരിയാകുമെന്ന് അറിയിച്ചെങ്കിലും ശരിയായില്ല. വീണ്ടും അവധി പറഞ്ഞ് പറഞ്ഞ് അത് നീണ്ടു പോയി. ഒടുവില്‍ മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക് ഡൗണില്‍ അടച്ച് പൂട്ടിയപ്പോള്‍ വിസ വീണ്ടും നീളും എന്ന് അറിയിച്ചു.

ലോകം മുഴുവന്‍ ഉള്ള പ്രതിസന്ധിയായതിനാല്‍ ലോക്ക് ഡൗണ്‍ തീരുന്നത് വരെ കാത്തിരിക്കാന്‍ ലിജുവും സയ്യിദും തയ്യാറായി. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം വിളിച്ചപ്പോള്‍ ഇവരുടെ ഫോണ്‍ എടുക്കാതെയായി. ഇതേത്തുടര്‍ന്നാണ് ഇവര്‍ സബീന ജോലി ചെയ്യുന്ന നാഷണല്‍ കാര്‍ റെന്റല്‍ കമ്പനിയില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കമ്പനിയില്‍ അങ്ങനെ ഒരു ഒഴിവ് ഉണ്ടായിട്ടേ ഇല്ല എന്ന് അപ്പോഴാണ് മനസിലായത്.

ഇതോടെയാണ് ഫക്രുദീന്‍ നടത്തിയത് തട്ടിപ്പ് ആണെന്ന് ഇവര്‍ക്ക് ബോധ്യമായത്. ഇതിനായി ഇവര്‍ക്ക് നല്‍കിയ രേഖയും കള്ളമായി ചമച്ചതാണെന്ന് തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് പരാതിയുമായി പൊലീസില്‍ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com