ലൈഫ് മിഷന്‍ കേസിൽ ശിവശങ്കറിനേയും സ്വപ്നയെയും പ്രതി ചേർത്ത് വിജിലന്‍സ്

സന്ദീപ് നായരും പി എസ് സരിത്തും പ്രതിപ്പട്ടികയിലുണ്ട്.
ലൈഫ് മിഷന്‍ കേസിൽ ശിവശങ്കറിനേയും സ്വപ്നയെയും പ്രതി ചേർത്ത് വിജിലന്‍സ്

ലൈഫ് മിഷന്‍ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. ലൈഫ് മിഷന്‍ ക്രമക്കേടില്‍ ശിവശങ്കറെ അഞ്ചാം പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ശിവശങ്കറിന് പുറമേ സ്വപ്‌ന സുരേഷും സന്ദീപ് നായരും പി എസ് സരിത്തും പ്രതിപ്പട്ടികയിലുണ്ട്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് ജയിലില്‍ എത്തുന്നതിന് മുന്‍പാണ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ വിജിലന്‍സ് യൂണിടാക് എംഡിയെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക ഇടപാടിലെ ശിവശങ്കറിന്റെ ഇടപെടല്‍ വിജിലന്‍സിന് ബോധ്യമായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സ്വപ്നയെ ആദ്യമായാണ് വിജിലന്‍സ് ചോദ്യം ചെയ്യാന്‍ പോകുന്നത്. ശിവശങ്കറെ കഴിഞ്ഞാഴ്ച ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറെ അറസ്റ്റ് ചെയ്തതോടെ, ഇത് മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ മറ്റു പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിലന്‍സ്.

Related Stories

Anweshanam
www.anweshanam.com