ലൈഫ് മിഷന്‍ ഇടപാടില്‍ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി

സംഭവത്തിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന വിജിലൻസ് ശുപാർശയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്
ലൈഫ് മിഷന്‍ ഇടപാടില്‍ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടില്‍ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന വിജിലൻസ് ശുപാർശയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനകൾ നടത്താനായിരുന്നു നേരത്തെ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നത്. പദ്ധതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധന മാത്രമാണ് വിജിലൻസ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ലൈഫ് മിഷൻ ഓഫീസിൽ നിന്നും സെക്രട്ടേറിയേറ്റിൽ നിന്നും വിവിധ ഫയലുകൾ വിജിലൻസ് ശേഖരിച്ചിരുന്നു.

ഇവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയത്തിലേക്ക് വിജിലൻസ് സംഘം എത്തിയിരുന്നു. ഈ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് വിജിലൻസ് നൽകിയ ശുപാർശിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുളള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. അടിയന്തരമായി ഹര്‍ജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com