വന്ദേ ഭാരത്; വി മുരളീധരനെ വിമര്‍ശിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരും
Kerala

വന്ദേ ഭാരത്; വി മുരളീധരനെ വിമര്‍ശിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരും

കേന്ദ്രമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിയേയും നേതാക്കളേയും അപമാനിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടിയില്‍ വി മുരളീധരന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു

By Ruhasina J R

Published on :

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വി മുരളീധരനും തമ്മില്‍ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപെട്ട് വാക്പോര് തുടരുന്നതിനിടെ കേന്ദ്രമന്ത്രിക്ക് പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതായി വിവരം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മറ്റിയില്‍ വന്ദേഭാരത്‌ മിഷനുമായി ബന്ധപെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തിയാണ് രേഖപെടുത്തിയത്.

കേന്ദ്രമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിയേയും നേതാക്കളേയും അപമാനിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടിയില്‍ വി മുരളീധരന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന പികെ കൃഷ്ണദാസിനോട് അടുപ്പമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയേയും നേതാക്കളെയും മന്ത്രിയുടെ ഓഫീസ് അപമാനിക്കുന്നു,ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിയും നേതാക്കളും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ല എന്നും ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ കോണ്‍ഗ്രസിനാണ് സ്വാധീനം എന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി നടത്തുന്ന വിമര്‍ശനങ്ങളും കോര്‍ കമ്മറ്റിയില്‍ ചര്‍ച്ചയായി,പല നേതാക്കളും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങളില്‍ നേതാക്കള്‍ കോര്‍ കമ്മറ്റിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയനമങ്ങള്‍ ഉടന്‍ നടത്തണമെന്നും ഇതിനായി പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.സംസ്ഥാനത്തെ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും

ചില സ്ഥാനങ്ങള്‍ ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.

Anweshanam
www.anweshanam.com