വന്ദേഭാരത് മിഷൻ: സൗദിയിൽ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ
Kerala

വന്ദേഭാരത് മിഷൻ: സൗദിയിൽ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ

13 ലക്ഷത്തോളം മലയാളികൾ ജോലി ചെയ്യുന്ന സൗദിയിൽ നിന്ന് 75,000 ത്തോളം ആളുകളാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തത്

By M Salavudheen

Published on :

റിയാദ്: വന്ദേഭാരത് മിഷൻ പുതിയഘട്ടത്തിൽ സൗദി അറേബ്യയിൽനിന്ന് എയർ ഇന്ത്യയുടെ 11 വിമാന സർവിസുകൾ. ജൂലൈ മൂന്ന് മുതൽ 10 വരെയുള്ള ഷെഡ്യൂളുകളിലായാണ് 11 വിമാനങ്ങൾ പ്രവാസികളെയും കൊണ്ട് കേരളത്തിലെത്തുക.

റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും ജിദ്ദയിൽ നിന്ന് കൊച്ചി ഒഴികെ മറ്റ് വിമാനത്താവളങ്ങളിലേക്കുമാണ് സർവിസുകൾ നിശ്ചയിച്ചിട്ടുള്ളത്.

റിയാദിൽ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോട്, നാലിന് തിരുവനന്തപുരം, ഏഴിന് കണ്ണൂർ, 10ന് കൊച്ചി എന്നിങ്ങനെയും ദമ്മാമിൽ നിന്ന് ജൂലൈ മൂന്നിന് കണ്ണൂർ, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒമ്പതിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് സർവിസുകൾ. ജിദ്ദയിൽ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂർ, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയാണ് സർവിസ്.

13 ലക്ഷത്തോളം മലയാളികൾ ജോലി ചെയ്യുന്ന സൗദിയിൽ നിന്ന് 75,000 ത്തോളം ആളുകളാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തത്. ഇവരിൽ വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം 5000ത്തോളം പേരും മറ്റു ചാർട്ടേഡ് വിമാന സർവിസുകളിൽ ബാക്കിയുമായി ആകെ 8000ത്തോളം ആളുകളാണ് കേരളത്തിലെത്തിയത്.

എന്നാൽ, ഈ സർവിസുകളുടെ കാര്യം സൗദിയിലെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിമാന ഷെഡ്യൂളുകളിലും സൗദിയിൽ നിന്നുള്ള സർവിസുകളുടെ കാര്യം പറയുന്നില്ല.

Anweshanam
www.anweshanam.com