97ാം പിറന്നാള്‍ നിറവില്‍ വിഎസ്

ഡോക്ടർമാരുടെ നിർദ്ദേശവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് ഇത്തവണ പിറന്നാള്‍ ആഘോഷം.
97ാം പിറന്നാള്‍ നിറവില്‍ വിഎസ്

തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97വയസ്സ്. വിഎസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളിൽ തുടങ്ങി കർഷകർക്കും തൊഴിലാളിവർഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിനുമായി പോരാടിയ വിഎസ് അച്യുതാനന്ദനോളം വലിയൊരു നേതാവ് ഇന്ന് മലയാളിക്കില്ല.

എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളിൽ നിന്നും വിഎസ് വിശ്രമത്തിലേക്ക് മാറിയ വർഷമാണ് കടന്നുപോയത്. ജനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് ജനങ്ങളുടെ വികാരം ഉച്ചത്തിൽ വിളിച്ചുപറയുന്ന വിഎസിന്‍റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംഭവബഹുലമായ ഈ കാലഘട്ടത്തിൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.

പാർട്ടിക്കുള്ളിലും പുറത്തും ശരികേടുകളോട് കലഹിച്ച വിഎസിന്‍റെ വാക്കുകൾ കേരളം പ്രതീക്ഷിക്കുന്ന കാലമാണിത്. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് തന്‍റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.

2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. എന്നാല്‍, കഴിഞ്ഞ 19 വർഷമായി തുടരുന്ന പിറന്നാൾ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്‍റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഡോക്ടർമാരുടെ നിർദ്ദേശവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്.

Related Stories

Anweshanam
www.anweshanam.com