
കാസര്‍കോട്: താൻ കോൺഗ്രസുകാരിയെന്ന് ഉദുമയിലെ വോട്ടറായ കുമാരി. ഇന്ന് രാവിലെ അഞ്ചുവോട്ട് ഉണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ച വോട്ടറാണ് കുമാരി. ആരുടെയോ പിഴവിന് തങ്ങൾ എന്ത് ചെയ്തെന്ന് കുമാരിയുടെ ഭർത്താവ് രവീന്ദ്രൻ ചോദിക്കുന്നു.
പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ആണ് കുമാരി താമസിക്കുന്നത്. വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും അവര്‍ പറഞ്ഞു.
താനിപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കുമാരി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടെതെന്നും അവര്‍ പറഞ്ഞു. പെരിയ നാലപ്ര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ രണ്ട് തവണയാണ് 13 വര്‍ഷത്തിനിടെ വോട്ട് രേഖപ്പെടുത്തിയത്. ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെമ്പാടും വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിനൊപ്പം ചേര്‍ത്തുകൊണ്ടാണ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം ചൂണ്ടിക്കാട്ടിയത്. ഉദുമ മണ്ഡലത്തിൽ 164-ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചിരുന്നു.
ജനുവരി 20 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വ്യാപകമായി കള്ളവോട്ട് ചേർത്തിരിക്കുന്നത്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് അഞ്ച് തവണ വരെ ചിലർ പേര് ചേർത്തിരിക്കുന്നത്. ഒരേ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിക്ക് നിരവധി ഐഡി കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആരോപണം.