പിളര്‍ന്ന് പിളര്‍ന്ന് പുറത്തേക്ക് 
Kerala

പിളര്‍ന്ന് പിളര്‍ന്ന് പുറത്തേക്ക് 

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി യുഡിഎഫ് 

By Harishma Vatakkinakath

Published on :

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കം ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തി നില്‍ക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ലാഭനഷ്ടങ്ങള്‍ കണക്കാക്കാതെ കടുത്ത തീരുമാനം കൈകൊണ്ടിരിക്കുകയാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം. സമവായ ചര്‍ച്ചകള്‍ക്ക് വിലകൊടുക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച കരാർ പാലിക്കുന്നതില്‍ ജോസ് കെ മാണി വിഭാഗം വിമുഖത കാട്ടിയപ്പോഴാണ് പുകഞ്ഞകൊള്ളി പുറത്തെന്ന നടപടി യുഡിഎഫ് സ്വീകരിച്ചത്.

ബെന്നി ബഹനാന്‍
ബെന്നി ബഹനാന്‍

കേരള കോൺഗ്രസ് പിളർന്നതിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 14 മാസമാണ് കാലാവധി ഉണ്ടായിരുന്നത്. ഇത് എട്ട്, ആറ് എന്ന ക്രമത്തിൽ പങ്കിടാമെന്നായിരുന്നു കരാർ. പത്ത് മാസം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ജോസ് പക്ഷം തയാറാകാഞ്ഞതോടെയാണ് പി.ജെ.ജോസഫ് വിഭാഗം യുഡിഎഫിനെ സമീപിച്ചത്. എന്നാല്‍, കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് നീതിനിഷേധമാണെന്നും, പഴയ കരാര്‍ തുടരണമെന്നും, ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ലെന്നുമായിരുന്നു ജോസ് വിഭാഗത്തിന്‍റെ വാദം.

ചര്‍ച്ചകള്‍ക്ക് വഴങ്ങാത്ത ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്‍റെ പ്രസ്താവന. അതെസമയം, സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം രാഷ്ട്രീയ അനീതിയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. "ഐക്യജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ്​ പുറത്താക്കിയത്, പ്രതി​സന്ധി രാഷ്​ട്രീയത്തിലും പിന്തുണച്ചുപോന്ന മാണിയുടെ രാഷ്​ട്രീയത്തെയാണ്​ പുറത്താക്കിയത്," ജോസ് കെ മാണി വികാരം കൊണ്ടു.

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയും യുഡിഎഫ് നേതൃത്വവും പലതവണ ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെക്കില്ല എന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ജോസ് പക്ഷം. പ്രശ്നം വഷളാകുന്ന മുറയ്ക്ക് ജോസ് കെ മാണി വിഭാഗം മുന്നണി വിടാനുള്ള സാധ്യതകള്‍ യുഡിഎഫ് മുന്നില്‍ കണ്ടതാണ്. എന്നാല്‍ അതിലൊരു ട്വിസ്റ്റ് സംഭവിച്ചത് രാഷ്ട്രീയ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തെ സംബന്ധിച്ച് ധാരണയുണ്ടാക്കിയ യുഡിഎഫിന് അത് നടപ്പിലാക്കേണ്ട ബാധ്യതയുണ്ടെന്ന് പിജെ ജോസഫ് ആവര്‍ത്തിച്ചപ്പോഴാണ് രാഷ്ട്രീയ ചേരിതിരിവുകളുടെ കുത്തൊഴുക്കില്‍പ്പെട്ട് യുഡിഎഫ് നട്ടം തിരിഞ്ഞത്.

ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയാല്‍, മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും അധികം കിട്ടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. മുന്നണി മര്യാദ പാലിക്കാതിരിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ തുടരേണ്ടതില്ലെന്നു തന്നെയായിരുന്നു കോട്ടയം ഡിസിസി സ്വീകരിച്ച നിലപാട്. മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തു പോകട്ടെയെന്നായിരുന്നു ഭൂരിപക്ഷ തീരുമാനം

കോട്ടയം ജില്ലാ പഞ്ചായത്ത് കാര്യാലയം
കോട്ടയം ജില്ലാ പഞ്ചായത്ത് കാര്യാലയം

കോട്ടയം ജില്ലയില്‍ ആകെയുള്ള 9 നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ തന്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം, വലിയ സാദ്ധ്യതകൾ ഇല്ലാത്ത ഒരു മണ്ഡലമാണ്. ജോസ് കെ മാണി മുന്നണിയില്‍ നിന്നു പുറത്തുപോകുമ്പോള്‍ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ തന്നെ കാഞ്ഞിരപ്പള്ളി മാത്രമാണ് നിലവില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റേതായി ഉള്ളത്. പാലായും ഏറ്റുമാനൂരും എല്‍ഡിഎഫിന്‍റെ കയ്യിലും പൂഞ്ഞാര്‍ പിസി ജോര്‍ജ്ജിന്‍റെ തട്ടകവുമാണ്.

കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാല്‍ ജില്ലയിലെ പല നേതാക്കളും മറ്റ് ജില്ലകളില്‍ നിന്നാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ പൊരുതിയത്. പാലാ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി നേതാക്കള്‍ അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നോട്ടമിട്ട് നില്‍ക്കുന്നവരാണ്. ജോസ് കെ മാണി വിഭാഗം ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ നിന്ന് പ്രതികൂല വികാരം ഉയരാന്‍ കാരണവും ഇതൊക്കെ തന്നെ.

ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ ന്യായം പി ജെ ജോസഫിന്‍റെ പക്ഷത്തായതിനാലും, നില്‍വില്‍ കേരള കോണ്‍ഗ്രസിലെ ശക്തന്‍ അദ്ദേഹമായതിനാലും ജോസ് കെ മാണിക്ക് അധിക കാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലുകള്‍ ഇതിനോടകം തന്നെ വന്നിരുന്നു.

ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നതും ജോസഫിന്‍റെ ശക്തിയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ മധുര പ്രതികാരങ്ങളുടെ സാക്ഷാത്കാരമാണ് ഓരോ നീക്കത്തിലൂടെ ജോസഫ് നടത്തുന്നതെന്നാണ് യാഥാര്‍ഥ്യം. മുന്‍ തലമുറയില്‍ നിന്നു കിട്ടാതെ പോയതൊക്കെയും യുവ തലമുറയില്‍ നിന്നു പിടിച്ചു വാങ്ങുന്ന ഒരു രാഷ്ട്രീയ ചാണക്യന്‍ ജോസഫില്‍ മറഞ്ഞിരിപ്പുണ്ട്.

Anweshanam
www.anweshanam.com