സാമ്പത്തിക സംവരണം; ലീഗിനും യുഡിഎഫിനുമെതിരെ സീറോ മലബാര്‍ സഭ

'ലീഗ് നിലപാടില്‍ 'വര്‍ഗീയത' മറനീക്കി പുറത്തുവരുന്നു'
സാമ്പത്തിക സംവരണം; ലീഗിനും യുഡിഎഫിനുമെതിരെ സീറോ മലബാര്‍ സഭ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ യുഡിഎഫിലും പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. വിഷയത്തില്‍ യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം രംഗത്തെത്തി.

മുസ്‌ലിം ലീഗ് സംവരണ വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം രംഗത്തെത്തിയത്. ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്നും ലീഗിന്റെ നിലപാടില്‍ വര്‍ഗീയത മറനീക്കി പുറത്തേക്ക് വരുന്നെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിലും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

മുന്നോക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ മുസ്‌ലിം, ദളിത് സംഘടനകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് വിവാദം യുഡിഎഫിലേക്കും എത്തുന്നത്. മുന്നാക്ക സംവരണ വിഷയത്തില്‍ യുഡിഎഫ് മൗനം പാലിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വം വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

മുന്നാക്ക സംവരണത്തെ യുഡിഎഫ് അനുകൂലിച്ചാല്‍ യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി തന്നെയുണ്ടായേക്കാം. എതിര്‍ത്താല്‍ ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും എന്‍എസ്എസില്‍ നിന്നും യുഡിഎഫിന് തിരിച്ചടി നേരിടും.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നായിരുന്നു വെള്ളാപ്പള്ളി ഉന്നയിച്ച മറ്റൊരു ആവശ്യം.

മുന്നാക്ക സംവരണത്തിനെതിരെ സംസ്ഥാന സംവരണ സമുദായത്തിന്റെ യോഗം ബുധനാഴ്ച്ച പതിനൊന്ന് മണിക്ക് നടക്കും. യോഗത്തില്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

Related Stories

Anweshanam
www.anweshanam.com