ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കി: ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സര്‍വകക്ഷി യോഗത്തിലെ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഹര്‍ത്താല്‍ ആണെങ്കിലും നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കുകയോ, വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് പ്രതിഷേധ ജാഥകളും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഹര്‍ത്താലെന്നാണ് എല്‍ഡിഎഫിന്റെ വിമര്‍ശനം.

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റില്‍ നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ല്‍ പട്ടയമനുവദിച്ച ഭൂമിയില്‍ കൃഷിക്കും 1500 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. പ്രതിഷേധം ശക്തമായതോടെ ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ഇതിനിടെ ഇടുക്കിയില്‍ മാത്രമായി ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തില്‍ ബാധകമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് യുഡിഎഫ് വിമര്‍ശനം. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും യുഡിഎഫ് ലക്ഷ്യം വേറെയെന്നുമാണ് എല്‍ഡിഎഫ് വിമര്‍ശനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com