കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുന്നുവെന്ന് ഘടകകക്ഷികള്‍

വിഷയത്തില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുന്നുവെന്ന് ഘടകകക്ഷികള്‍

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്റെയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്റെയും രാജിയില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍ പറഞ്ഞു.

വിഷയത്തില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ നാടകീയമായി സ്ഥാനം ഒഴിഞ്ഞത്.

ഇത് രണ്ട് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ടുപോകുന്ന യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരുന്നു. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണചുമതല മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ തയ്യാറാകുന്നതിനിടയിലാണ് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത ശക്തമാകുന്നത്.

ഞായറാഴ്ച്ചയാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെപിസിസിയിലുണ്ടായിരുന്നു.

എന്നാല്‍ എംപിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെപിസിസി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി. ഇതിന് പിന്നാലെയാണ് കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Related Stories

Anweshanam
www.anweshanam.com