റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു

ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്
റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: റാന്നി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരാണ് അരുവിയിൽ കുളിക്കാൻ ഇറങ്ങിയത്.

വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് ദുർഗ്ഗാദത്തും ചേർന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്‌. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവർ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആൾ താമസമില്ല. ദുർഗാദത്ത് പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാൻ പോയി തിരിച്ചു വന്നപ്പോഴാണ് പാറയുടെ ഉള്ളിലെ കയത്തിൽ ശബരിയും, ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ആദ്യമെത്തിയ ദുർഗ്ഗാദത്തിന്റെ അച്ഛന്റെ സഹോദരൻ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തിൽ നിന്നു ഇരുവരെയും കരയ്‌ക്കെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സും റാന്നി പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിവരെ ആശുപത്രിയിലെത്തിച്ചിരുന്നു.

ഇരുവരുടെയും മൃതദേഹം റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നാളെ പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com