തിരുവനന്തപുരത്ത് നിന്നും മനഃസാക്ഷിയെ ഉലക്കുന്ന ദൃശ്യം; 'എന്നെ കൊല്ലുന്നേ' എന്ന് പറഞ്ഞ് കരഞ്ഞ് ഒരമ്മ

മര്‍ദ്ദനത്തെ സഹോദരി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്
തിരുവനന്തപുരത്ത് നിന്നും മനഃസാക്ഷിയെ ഉലക്കുന്ന ദൃശ്യം; 'എന്നെ കൊല്ലുന്നേ' എന്ന് പറഞ്ഞ് കരഞ്ഞ് ഒരമ്മ

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും മനുഷ്യ മനഃസാക്ഷിയെ ഉലക്കുന്ന ദൃശ്യം പുറത്ത്. മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടര്‍ച്ചയായി കൈ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദ്ദിക്കുന്ന മകനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

തിരുവനന്തപുരം അയിരൂര്‍ ഇടവയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. കുടുംബപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. 'എന്നെ കൊല്ലുന്നേ' എന്ന് പറഞ്ഞ് അമ്മ കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റസാഖ് എന്ന പേരുള്ള യുവാവാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദ്ദനത്തെ സഹോദരി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'നീ അവന്റെ കൈ കൊണ്ട് തന്നെ ചാവ്'എന്ന തരത്തില്‍ നീചമായ വാക്കുകളും ദൃശ്യത്തില്‍ കേള്‍ക്കാം. ബന്ധുക്കള്‍ക്കിടയില്‍ പ്രചരിച്ച വീഡിയോയാണ് പുറത്തായത്.

സംഭവത്തിന് പിന്നാലെ പൊലീസ് വീട്ടില്‍ എത്തിയ അമ്മയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകനെതിരെ പരാതി ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എങ്കിലും നിയമപരമായി എന്ത് നടപടി സ്വീകരിക്കാം എന്നതിനെ കുറിച്ച് പൊലീസ് ആലോചിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com